സർഗാത്‌മക കൂട  –  പ്രവർത്തനം – 2     വവ്വാലുകൾ

Published by eduksspadmin on


“വവ്വാലുകൾ വിഹരിച്ചിരുന്ന പറമ്പ് വൃത്തിയാക്കി” -എന്ന ശീർഷകത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ നൽകിയിട്ടുള്ളത്. ഇവിടെ ആറ് മരങ്ങളിലായി നൂറ് കണക്കിന് വവ്വാലുകളാണ് കൂട്ടം കൂടിയിരുന്നതത്രേ. പറമ്പ് പാമ്പുകളുടേയും തെരുവുനായ്ക്കളുടെയും വിഹാര രംഗമായിരുന്നു എന്നും കാടുപിടിച്ച്, മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിരുന്നു എന്നും വാർത്തയിലുണ്ട്. ജനങ്ങളുടെ നീപ രോഗഭീതി അകറ്റാനാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി പറമ്പ് വൃത്തിയാക്കിയത്. പറമ്പിലെ മാലിന്യം നീക്കേണ്ടതുതന്നെയാണ്. എന്നാൽ ആ മാലിന്യം ആരായിരിക്കും അവിടെ കൊണ്ടു വന്നിട്ടത്, അതിൽ എന്തു നടപടിയാണുണ്ടായത് എന്നൊന്നും വാർത്ത വിശദമാക്കുന്നില്ല. നീപാ ഭീതിക്ക് കാരണക്കാരായ വവ്വാലുകളെ കൂട്ടത്തോടെ ഇല്ലാതാക്കുക എന്നതാണ് ശുചീകരണത്തിന്റെ ലക്ഷ്യമെന്നാണ് വാർത്തയുടെ അന്ത:സത്ത. നീപാ ഭീതിയകറ്റാൻ വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിച്ച വാർത്തകൾ മറ്റു ചിലയിടങ്ങളിൽ നിന്നും വന്നിരുന്നു. 

ഒരു പ്രശ്നം പരിഹരിക്കുന്നതിന് ഒരു ഔദ്യോഗിക സംവിധാനം നടത്തിയ ഈ പ്രവൃത്തി എത്രത്തോളം ശാസ്ത്രീയമാണ്. എല്ലാ വവ്വാലുകളും നീപാവാഹകരാണോ? നീപ ഭീതിയകറ്റാൻ അവയുടെ ആവാസകേന്ദ്രങ്ങൾ ഇല്ലാതാക്കുന്നത് ശരിയാണോ? വവ്വാലുകളെ കുറിച്ച് കൂടുതൽ അറിയാന്‍ ലൂക്കയിലെ ലേഖനം വായിക്കൂ.ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പത്രവാര്‍ത്തയെ വിശകലനം ചെയ്ത് പത്രാധിപർക്കുള്ള കത്തായി നിങ്ങളുടെ പ്രതികരണം തയ്യാറാക്കൂ..