ശാസ്ത്ര കൂട –  പ്രവർത്തനം 1  പൈനാപ്പിളിലെ എൻസൈം

Published by eduksspadmin on

“എന്താടോ സീനക്കുട്ടി  പെരുന്നാളായിട്ട് മൊട്ടക്കച്ചോടത്തിൽ നഷ്ടം വന്ന മൊച്ച കൊരങ്ങനെ പോലെ ഇരിരിക്കുന്നത് ?” 

“ഒന്നും പറയണ്ടിത്താ, ഇന്ന് അമ്മായീടെ മട്ടൻ ബിരിയാണിയായിരുന്നു. തിന്നീട്ടും തിന്നീട്ടും മതി വരുന്നില്ലായിരുന്നു.” “ഇപ്പോ വയറു വേദന.” “അതെന്താടോ താനപ്പോ മട്ടൻ ബിരിയാണിയുടെ കൂടെ തന്ന പൈനാപ്പിൾ കഴിച്ചില്ലേ.” 

“ഇല്ല,  പഴങ്ങൾ എനിക്ക് ഇഷ്ടമല്ല.”

“അയയ്യോ പഴങ്ങൾ ഒക്കെ തിന്നണം. പ്രത്യേകിച്ചും പൈനാപ്പിൾ. ദഹനത്തിനു നല്ലതാ.” 

“അതെങ്ങനെ ?”

“വാ, കാണിച്ചു തരാം. നമുക്കൊരു പരീക്ഷണം ചെയ്ത് മനസ്സിലാക്കാം”

അവര്‍ പരീക്ഷണത്തിലേര്‍പ്പെട്ടു.

പരീക്ഷണത്തിന്  വേണ്ട സാധനങ്ങൾ

  1. ഒരു പെനാപ്പിൾ തൊലി ചെത്തി മുറിച്ച് കഷ്ണങ്ങളാക്കിയത് ,

 2.ജെലാറ്റിൻ (ഇത് ബേക്കറികളില്‍ വാങ്ങാന്‍ കിട്ടും. വെളുത്ത ജലാറ്റിൻ വാങ്ങരുത്)  – 150 ഗ്രാം.

 3.വലിയ വായവട്ടമുള്ള ഗ്ലാസ്സുകൾ  – 3 എണ്ണം 

4.വെള്ളം തിളപ്പിക്കാനുള്ള പാത്രം

5.തിളച്ച വെള്ളം   – 500 മില്ലി ലിറ്റർ

6.സ്പൂൺ  – 1

പരീക്ഷണം

 മൂന്ന് ഗ്ലാസുകളിലും 50 ഗ്രാം വീതം ജെലാറ്റിൻ ഇടുക.. 300 മില്ലി തിളച്ച വെള്ളം അതിലേക്ക് ഒഴിക്കുക . സ്പൂൺ കൊണ്ട് ഇളക്കി മുഴുവൻ ജെലാറ്റിനും അലിയിച്ചു ചേർക്കണം. ശേഷം അത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കണം. ഫ്രിജില്ലെങ്കിൽ പുറത്ത് വച്ച് ജലാറ്റിൻ കട്ടിയാകുന്നത് വരെ തണുപ്പിച്ചാലും മതി.  ജലാറ്റിൻ തണുക്കുന്ന സമയം കൊണ്ട് നമുക്ക്  500 മില്ലി ലിറ്റർ വെള്ളം തിളപ്പിക്കാം.അതിലേക്ക്  പൈനാപ്പിൾ കഷണങ്ങളിൽ മൂന്നു നാലെണ്ണം  ഇടുക. പത്ത് മിനിറ്റ് വേവിച്ച ശേഷം മാറ്റി വയ്ക്കണം. അപ്പോഴേക്കും ജലാറ്റിൻ കട്ടയായിരിക്കും. ഇനി ഈ മൂന്നു ഗ്ലാസുകളിൽ ഒന്നിലെ  ജലാറ്റിനു മുകളിൽ  വേവിച്ച പൈനാപ്പിനാപ്പിൾ കഷ്ണങ്ങളും മറ്റൊന്നിൽ ജലാറ്റിനു മുകളിൽ വേവിക്കാത്ത പൈനാപ്പിൾ കഷ്ണങ്ങളും മൂന്നാമത്തേത് പൈനാപ്പിൾ ഇല്ലാതെയും വച്ച് നോക്കൂ. മൂന്നുഗ്ലാസുകളും നിരീക്ഷിച്ച് എന്ത് സംഭവിക്കുന്നു എന്ന് എഴുതുക. ഈ നിരീക്ഷണങ്ങളും നമുടെദഹനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇതേ പ്രവർത്തനം പപ്പായ വച്ച് ആവർത്തിച്ചു നോക്കുക. മറ്റേതൊക്കെ പഴങ്ങളാണു ഇതേ നിരീക്ഷണ ഫലങ്ങൾ തരുന്നത് ?