ശാസ്ത്ര കൂട -പ്രവര്‍ത്തനം 1 അധിനിവേശം
അഞ്ചാം ക്ലാസിലെ “ശാസ്ത്രപുസ്തകത്തിലെ സസ്യലോകത്തെ അടുത്തറിയാം” എന്ന പാഠത്തില്‍ സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ മനസിലാക്കിയല്ലോ ? ഇതുകൂടി വായിച്ചുനോക്കൂ....
പേര് സൂചിപ്പിക്കുന്നതു പോലെ നമ്മുടെ നാടൻ ചെടികളെ വരിഞ്ഞ് പൊതിഞ്ഞ് സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യമാണ് ധൃതരാഷ്ട്രപച്ച. Mikania micrantha എന്നറിയപ്പെടുന്ന ഇത് അതിവേഗം വളർന്നു പന്തലിക്കുന്ന ഒരു വള്ളി സസ്യമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തെക്കേ അമേരിക്കയിൽ നിന്നും ഇത് നമ്മുടെ നാട്ടിലെത്തിയത്. ഈ കുറഞ്ഞ കാലയളവിൽ കേരളം മുഴുവൻ ഈ ചെടി വ്യാപിച്ചിട്ടുണ്ട്. വിത്തിലൂടെയും തണ്ടിലൂടെയും അതിവേഗം വ്യാപിക്കാനുള്ള ശേഷി വളരെ കൂടുതലുള്ള ഒരു അധിനിവേശ സസ്യമാണിത്.
ധൃതരാഷ്ട്ര പച്ചയുടെ വിശേഷങ്ങള്‍ വായിച്ചല്ലോ ? ഇത്തരം അധിനിവേശ സസ്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ ?
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ.
ഇതുപോലെ നിങ്ങളുടെ പ്രദേശത്തുകാണുന്ന അധിനിവേശ സസ്യങ്ങളെ കണ്ടെത്തി അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അന്വേഷിച്ചറിഞ്ഞ് ഒരു പത്രവാർത്ത തയ്യാറാക്കൂ…