10. കുഞ്ഞിക്കുഞ്ഞി സിനിമ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 10
കുഞ്ഞിക്കുഞ്ഞി സിനിമ
ചുറ്റും കാണുന്ന കിളികളോടും മൃഗങ്ങളോടും പൂമ്പാറ്റകളോടും ഒക്കെ നിങ്ങൾ വർത്തമാനം പറയാറില്ലേ? അവരുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാറില്ലേ ? നമുക്ക് വീട്ടിനുള്ളിലുള്ള ചങ്ങാതിമാരോട് ഇത്തരത്തിൽ ചില കുശലാന്വേഷണങ്ങൾ നടത്തിയാലോ? നമ്മൾ അവരോട് സംസാരിച്ചാൽ അവർ നമ്മോടും വർത്തമാനം പറയും. വീട്ടിലെ ചങ്ങാതിമാരുമായുള്ള ഈ വർത്തമാനം പറച്ചിലിലൂടെ അവരുടെ ജീവിതത്തെ വരച്ച് കാട്ടുന്ന ഒരു കുഞ്ഞ് വീഡിയോ ഉണ്ടാക്കിയാലോ? കലണ്ടറിന്റെ പിന്നിലെ പല്ലിക്കുഞ്ഞിനോട് എന്തൊക്കെ ചോദിക്കണം, പല്ലിക്കുഞ്ഞ് എന്ത് മറുപടി പറയണം, വലക്കാരൻ എട്ടുകാലിയോട് എന്തൊക്കെ പറയണം എന്നൊക്കെ നിങ്ങൾ തന്നെ തീരുമാനിച്ച് എഴുതിവക്കുക. അങ്ങനെ സംഭാഷണങ്ങൾ ഒക്കെ എഴുതി കഴിഞ്ഞാൽ ഒന്നു കൂടി വായിച്ചു നോക്കുക. ഇനി എന്തെങ്കിലും കൂടി വേണോ? ഇതിലൂടെ ചങ്ങാതിമാരെ പരിചയപ്പെടുത്താൻ കഴിയും എന്ന് ഉറപ്പായാൽ നിങ്ങൾ എഴുതിയ സംഭാഷണങ്ങൾ വീട്ടുകാരേയോ കൂട്ടുകാരേയോ വായിച്ച് കേൾപ്പിക്കുക. എന്നിട്ട് വീഡിയോ ഉണ്ടാക്കാൻ അവരുടെ സഹായം തേടാം. വീഡിയോയിൽ മുഖ്യ അഭിനേതാവ് നിങ്ങളായതിനാൽ ക്യാമറ കൈകാര്യം ചെയ്യാൻ ഒരാളെ ഏല്ലിക്കണം. അത് മാത്രം പോര. നിങ്ങൾ എത്ര ചങ്ങാതിമാരുമായി വർത്തമാനം പറയുന്നോ അവർക്കൊക്കെ ശബ്ദം കൊടുക്കാനും ആളുകളെ ഏല്പിക്കണം. വീഡിയോ എടുക്കുകയും ശബ്ദം റിക്കാർഡ് ചെയുകയും കഴിഞ്ഞാൽ ഒരു ഘട്ടം കഴിഞ്ഞു. എടുത്ത വീഡിയോ മൊബൈലിൽ ആരുടെയെങ്കിലും സഹായത്തോടെ എഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ ഉഷാറായി. നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഒരു എഡിറ്ററെ കണ്ടെത്തണം. സിനിമ ഒക്കെ എടുക്കുമ്പോൾ അങ്ങനെയല്ലേ? എല്ലാം ഒരാളല്ലല്ലോ ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ വീഡിയോയുടെ എഡിറ്റർ പണി എടുക്കുമ്പോൾ അതുനോക്കി കുറച്ചൊക്കെ പഠിക്കാൻ ശ്രമിക്കണം. അങ്ങനെ നമ്മൾക്ക് ഒരു കുഞ്ഞി കുഞ്ഞി സിനിമ ഉണ്ടാക്കാം. എന്താ തുടങ്ങുകയല്ലേ? ഈ പ്രവർത്തനം ചെയ്തപ്പോഴുള്ള നിങ്ങളുടെ അനുഭവങ്ങൾ കൂടി കുറിച്ച് വക്കണേ.