9. ഹെബേറിയം നോട്ട്പുസ്തകം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 9

ഹെബേറിയം ( Herbarium ) എന്നു പറഞ്ഞാൽ സസ്യങ്ങളെയോ സസ്യഭാഗങ്ങളേയോ അമർത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. നിരവധി പഠനങ്ങൾ ഇവയിൽ നിന്നും നടത്താൻ കഴിയും.നമുക്കൊരു ഹെബേറിയം നോട്ട്പുസ്തകം ഉണ്ടാക്കിയാലോ?

ഇതിനായി പലതരം ആശയങ്ങൾ തിരഞ്ഞെടുക്കാം

  1. വ്യത്യസ്ത നിറത്തിൽ, വലിപ്പത്തിൽ, രൂപത്തിൽ ഉള്ള ഇലകളുടെ ഹെബേറിയം
  2. പൂക്കളുടെ അല്ലെങ്കിൽ ഇതളുകളുടെ ഹേബേറിയം
  3. പൂർണ്ണ സസ്യങ്ങളുടെ ഹേബേറിയം.
  4. വിത്തുകളുടെ ഹെബേറിയം

എന്നിങ്ങനെ നിങ്ങൾക്കിഷ്ടം ഉള്ളവ തിരഞ്ഞെടുക്കാം.

50 പേജിന്റെ ഒരു നോട്ട് ബുക്ക് എടുക്കുക. കണ്ടെത്തുന്ന ഓരോ ഹെബേറിയം വസ്തുവും നന്നായി നിവർത്തി പരത്തി  ഒരു പേജിൽ വയ്ക്കുക. അങ്ങനെ എല്ലാ പേജുകളും നിറയട്ടെ. നിറഞ്ഞ് കഴിയുമ്പോൾ നോട്ട് ബുക്ക് അടച്ച് അതിനു മുകളിൽ നല്ല ഭാരം കയറ്റി വയ്ക്കുക. നോട്ട് ബുക്ക് ഭാരമുള്ള പത്ത് പതിനഞ്ച് പുസ്തകങ്ങൾക്ക് അടിയിൽ വച്ചാലും മതി.

15 ദിവസം കഴിഞ്ഞ് നോട്ട് ബുക്ക് എടുത്ത് നോക്കുക. നന്നായി ഉണങ്ങി നല്ല രൂപമുള്ളവയെ നോട്ട് ബുക്കിൽ ഒട്ടിച്ച് വയ്ക്കുക. ഉണങ്ങാത്തവയെയും പൊടിഞ്ഞ് പോയവയെയും കളയാം. ഇതാണു നിങ്ങളുടെ ഹെബേറിയം പുസ്തകം.

ഇനി ഈ ശേഖരത്തിൽ നിന്നു അവയുടെ രൂപം ഒരു റീഡിങ്ങ് ലെൻസിലൂടെ നോക്കി പടം വരയ്ക്കാൻ സാധിക്കുന്നുണ്ടോ?  എത്ര എണ്ണത്തിന്റെ പടം വരയ്ക്കാൻ പറ്റി? പടങ്ങൾ എല്ലാം മറ്റൊരു നോട്ട് ബുക്കിൽ സൂക്ഷിക്കൂ.