ശാസ്ത്ര കൂട –  പ്രവര്‍ത്തനം – 3   പൊട്ട് ഒട്ടിക്കാം 

Published by eduksspadmin on

 ഈ പ്രവർത്തനം ചെയ്യാൻ നമുക്ക് ഭൂമിയെ പോലെ ഗോളാകൃതിയിലുള്ള എന്തെങ്കിലും ഒന്ന് വേണം. അത് ഒരു പന്താകാം, നാരങ്ങയാകാം, ഓറഞ്ചാകാം, വലിയ നെല്ലിക്കയും ആകാം. അതിന്റെ മധ്യഭാഗത്തിലൂടെ ഒരു കൂർത്ത ഈർക്കിലോ വണ്ണം കുറഞ്ഞ കമ്പിയോ തുളച്ച് കയറ്റണം.

പന്തിലാണെങ്കിൽ ആദ്യം തുളയിടേണ്ടി വരും. ഓറഞ്ചോ നാരങ്ങയോ ഒക്കെ ആണെങ്കിൽ ഈർക്കിൽ കയറ്റാൻ എളുപ്പമായിരിക്കും. ആ ഈർക്കിലാണ് നമ്മുടെ ഗോളത്തിന്റെ അക്ഷം. ഈര്‍ക്കില്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ഗോളത്തെ സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്ന തരത്തില്‍ ആക്കണം. ഇനി ഒട്ടിച്ചു വക്കാവുന്ന കുറച്ച് ചെറിയ പൊട്ടുകൾ കൂടി ആയാൽ നമ്മൾ പ്രവർത്തനം ചെയ്യാൻ തയ്യാർ.

 

ഗോളത്തിന്റെ പുറത്ത് എവിടെയെങ്കിലും ഒക്കെ അഞ്ചാറ് പൊട്ടുകൾ ഒട്ടിച്ചു വക്കൂ. ഇനി ഈര്‍ക്കില്‍ തിരിയാതെ പിടിച്ചുകൊണ്ട് ഗോളത്തെ കറക്കി നോക്കൂ. ഗോളം ഒന്ന് തിരിയുമ്പോൾ എല്ലാ പൊട്ടുകളും സഞ്ചരിക്കന്ന ദൂരം ഒന്ന് തന്നെയാണോ ? ഏത് പൊട്ടാണ് കൂടുതൽ ദൂരം സഞ്ചരിച്ചത്? അതിലും കുറഞ്ഞ ദൂരം സഞ്ചരിച്ചത് ഏത് പൊട്ടാണ്? ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിച്ച പൊട്ടേത് ? ഗോളം തിരിയുമ്പോൾ പൊട്ടിന്റെ സ്ഥാനം മാറാതിരിക്കണമെങ്കിൽ പൊട്ട് ഗോളത്തിന് പുറത്ത് എവിടെ ഒട്ടിക്കണം ? ഗോലം തിരിയുമ്പോൾ പൊട്ടിന് സ്ഥാനമാറ്റം ഉണ്ടാകാത്ത എത്ര സ്ഥലങ്ങൾ ഗോളത്തിന് പുറത്തുണ്ട്? നിങ്ങളുടെ കണ്ടെത്തലുകൾ കുറിച്ച് വെക്കൂ. ഗോളത്തിന് പുറത്തുള്ള സ്ഥാനമാറ്റം ഉണ്ടാകാത്ത ബിന്ദുക്കൾക്ക് നമ്പർ കൊടുക്കൂ. ഇപ്പോൾ കിട്ടിയ അറിവുകൾ ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ ഗോളത്തിന്റെ അക്ഷം കടന്നു പോകുന്നത് എതിലേയൊക്കെയാണ് എന്ന് പറയാമോ? ഇനി അക്ഷത്തിന്റെ ഒരു നിർവചനം എഴുതാൻ കഴിയുമോ എന്ന് നോക്കൂ.

ഒരു കാര്യം കൂടി. നിങ്ങൾ ഇപ്പോൾ ചെയ്ത പ്രവർത്തനം നിങ്ങളുടെ സ്കൂളിലുള്ള ഗ്ലോബിൽ ആണ് ചെയ്തത് എങ്കിൽ ഭൂമിയുടെ അക്ഷം ഏതിലെയെല്ലാമാണ് കടന്നു പോവുക എന്ന് പറയൂ…