ശാസ്ത്ര കൂട – പ്രവര്‍ത്തനം – 2    ഒഴുകുന്ന പ്രകാശം 

Published by eduksspadmin on

പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ?

ഈ പരീക്ഷണം ചെയ്തു നോക്കൂ …

ചിത്രം 01  ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സുതാര്യമായ ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക. അതിന്റെ അടപ്പിൽ ആണികൊണ്ട് ഒരു ദ്വാരമിടുക(ദ്വാരം 1). കുപ്പിയുടെ ഒരു വശത്ത്താഴെനിന്ന് 6സെ.മീ. ഉയരത്തില്‍ ഏകദേശം 5മി.മി വ്യാസത്തില്‍ മറ്റൊരു ദ്വാരം(ദ്വാരം 2) കൂടിയിടുക.

 

ചിത്രം 02 ഇനി ദ്വാരമിട്ടഭാഗത്ത് ചിത്രത്തില്‍ കാണുന്ന വിധം ദ്വാരം മറക്കാതെ ഒരു കറുത്ത പേപ്പറോ തുണിയോ ഒട്ടിക്കുക. ദ്വാരം2 വിരൽ കൊണ്ട് അടച്ചു പിടിച്ച ശേഷം കുപ്പിയില്‍ നിറയെ വെള്ളമെടുക്കുക. അതിലേക്ക് അല്പം പാലോ ചുണ്ണാമ്പ് ലായനിയോ നാലഞ്ച് തുള്ളി ഡറ്റോളോ ചേര്‍ത്ത് ഇളക്കിയശേഷം അടപ്പുകൊണ്ട് നന്നായി അടയ്ക്കുക. ദ്വാരത്തില്‍ നിന്ന് വിരല്‍ മാറ്റുക, വെള്ളം പുറത്തേയ്ക്ക് ഒഴുന്നില്ലേ ?ഇനി മൂടിയിലെ ദ്വാരം വിരല്‍കൊണ്ട് അടച്ചുനോക്കൂ…ഒഴുക്ക് നിന്നോ? അപ്പോള്‍ മൂടിയിലെ ദ്വാരം തുറന്നും അടച്ചും വെള്ളത്തിന്റെ ഒഴുക്കി നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാം.

 

 

ചിത്രം 03 ഇനിയാണ് പരീക്ഷണം ചെയ്യാന്‍ പോകുന്നത്. അടപ്പിലെ ദ്വാരം (ദ്വാരം 1)വിരല്‍കൊണ്ട് അടച്ചുപിടിച്ച് ഒരു ലേസർ ടോർച്ചോ ശക്തി കൂടിയ പ്രകാശമുള്ള ടോർച്ചോ ഉപയോഗിച്ച് ദ്വാരം2 ന്റെ നേരെ എതിര്‍ഭാഗത്തുനിന്ന് പ്രകാശമടിക്കുക. പ്രകാശത്തിന്റെ പാത നിരീക്ഷിക്കുക, കുപ്പിയുടെ അടപ്പിലെ ദ്വാരത്തില്‍ നിന്ന് വിരല്‍ മാറ്റി വീണ്ടും ടോര്‍ച്ചടിക്കുക.പ്രകാശത്തിന്റെ പാതയില്‍ എന്താണ് മാറ്റം കാണുന്നത് ? ഒരു വെളുത്ത പ്രതലത്തിലേയ്ക്കോ പേപ്പറിലേക്കോ ഈ വെള്ളം വീഴ്ത്തുക. എന്താണ് കാണുന്നത്? പ്രതലത്തിലേയ്ക്കുള്ള അകലം വ്യത്യാസപ്പെടുത്തി നോക്കിയാലോ ?

ഓരോ ഘട്ടത്തിലെയും നിരീക്ഷണം രേഖപ്പെടുത്തുക. ഇതിനുള്ള കാരണങ്ങൾ ശാസ്ത്ര അധ്യാപകരോട് ചോദിച്ചറിഞ്ഞ് നിങ്ങളുടെ ഭാഷയിൽ എഴുതൂ….