നിർമ്മാണ കൂട  –  പ്രവർത്തനം 2 -തോരന്‍വെക്കാം

Published by eduksspadmin on

ഇപ്പോൾ നാട്ടിൽ നല്ല മഴയല്ലേ പറമ്പിലും വഴിയിലും എല്ലാം നിറയെ ചൊറിയൻ തുമ്പ/ തൂവ/കൊടിതൂവ/ചെറിയണം….. എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ചെറിയ ചെടി, കാടായി വളർന്ന് കിടക്കുന്നുണ്ടാകും.
നമുക്കെല്ലാം അതിൻ്റെ അടുത്ത് പോകാൻ പേടിയാണ്. അത് തൊട്ടാൽ ചൊറിയും. എന്നാൽ ഈ തൊട്ടാൽ ചൊറിയുന്ന ചെടിയെ നമുക്കങ്ങ് തോരൻ വച്ച് കൂട്ടിയാലോ?

ആദ്യം തന്നെ ശ്രദ്ധിച്ച് തണ്ടിൽ മാത്രം പിടിച്ച്  ഒരു 20 തൂവ ചെടി പറിച്ചെടുക്കക. ഒരു ഗ്ലൗസോ പ്ലാസ്റ്റിക് കവറൊ കയ്യിൽ ഇട്ടാൽ ചൊറിയാതെ രക്ഷപ്പെടാം. 

ഇനി ശ്രദ്ധിച്ച് തൂവ ചെടിയിലെ മൂക്കാത്ത ഇലകൾ മാത്രം മുറിച്ചെടുക്കുക. ഈ ഇലകളെ നന്നായി നിരീക്ഷിക്കൂ. സാധാരണ ചെടികളിലെ ഇലകളുമായി ഇവയ്ക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ? അതിന് ശേഷം ഈ ഇലകൾ തിളച്ച വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കുക. ഇനി തണുത്ത വെള്ളത്തിൽ കഴുകിക്കോളൂ. ഈ ഇലകളെ വീണ്ടും നിരീക്ഷിച്ച ശേഷം കൈകൊണ്ട് എടുത്ത് വെള്ളം പിഴിഞ്ഞ് എടുത്തോളൂ. ഇപ്പോൾ നിങ്ങളുടെ കൈകൾ ചൊറിഞ്ഞോ? എന്തുകൊണ്ടാണത്? ഇനി ഈ പിഴിഞ്ഞെടുത്ത ഇലകളെ നന്നെ ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.

 

തോരൻ ഉണ്ടാക്കുന്ന വിധം  –  വേണ്ട സാധനങ്ങൾ

അരിഞ്ഞ തൂവ – 1 കപ്പ്,ചിരകിയ തേങ്ങ – ½ കപ്പ്, ചെറിയ ഉള്ളി – 10 എണ്ണം, മുളക് – 1 എണ്ണം, കടുക് – ഒരുപിടി, വറ്റൽ മുളക് – 2 എണ്ണം , വേപ്പില – 2 കതിര്‍, ഉപ്പ് -ആവശ്യത്തിന്, വെളിച്ചണ്ണ – 1 ടേബിൾ സ്പൂൺ

പാചക രീതി  –  വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും പൊട്ടിച്ച് വറ്റൽ മുളകും വേപ്പിലയും ചേർക്കുക. ശേഷം ഉള്ളിയും മുളകും ചേർത്ത് വഴറ്റുക. അരിഞ്ഞ തൂവയും ചേർത്ത് വേവിക്കുക. വെന്ത കൂട്ടിലേക്ക് നാളികേരവും ഉപ്പും ചേർത്ത് രണ്ട് മിനിട്ടു കൂടെ വേവിക്കുക. തോരൻ റെഡി.

വീട്ടിൽ എല്ലാവരും ചേർന്ന് തുമ്പത്തോരൻ കഴിച്ചോളൂ. തുമ്പ ഇപ്പോൾ ചൊറിയുന്നുണ്ടോ? എന്തുകൊണ്ടാണ് തുമ്പ ഇപ്പോൾ ചൊറിയാ ത്തത്?

എല്ലാം എഴുതി വയ്ക്കൂ. പാചകത്തിന്റേയും തുമ്പത്തോരൻ കഴിക്കുന്നതിന്റേയും ഫോട്ടോ എടുക്കാൻ മറക്കണ്ട.