സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 3 – പാട്ടുവന്നു തൊട്ടനേരം

Published by eduksspadmin on

മിടുമിടുക്ക,നൊരു കറുമ്പൻ

കാറു പാഞ്ഞു വന്നൂ

പൂത്ത മരച്ചോട്ടിൽ നിന്നു

കുശലമെന്തോ ചൊല്ലി.

 

പൂമരത്തിൻ കൊമ്പിൽ നിന്നും

നൂറുനൂറു പൂക്കൾ

പാറിവന്നു കണ്ണുപൊത്തീ

കളി പറഞ്ഞു കാതിൽ

 

ചില്ലുചില്ലെ’ന്നാർത്തു വിളി-

ച്ചണ്ണാർക്കണ്ണനെത്തീ

മെല്ലെയൊന്നു തൊട്ടുഴിഞ്ഞു

തൊട്ടുഴിഞ്ഞു നിന്നൂ.

 

വരിവരിയായ് നിരനിരയായ് ഒച്ചവെയ്ക്കാതെത്തി

കുഞ്ഞുറുമ്പിൻ കൂട്ട, മുള്ളം-

കയ്യിലുമ്മവച്ചു.

 

പുഞ്ചിറകു വീശി ചേലിൽ

പൂമ്പാറ്റകളെത്തീ

മാരിവില്ലിൻ തുണ്ടിനാലേ

മേലാപ്പുതൂക്കി.

 

മധുരമായ് പാറിവന്നൂ

തേൻകുരുവിക്കൂട്ടം

മിഴിനിറയെയൊന്നു കാണാൻ

നിഴലലതൻ നോട്ടം.

 

കുതുകമൊടീക്കാഴ്ച കണ്ടു

പൂമരച്ചുവട്ടിൽ

കാറുകണ്ട മയിൽപോലെ

കാറുനിന്നിടുന്നു

 

പാഞ്ഞുകിതച്ചെത്തിയപ്പോൾ

ഒരു കുസൃതിക്കാറ്റ്

കാറ്റിന്റെ ചുണ്ടിലുണ്ടാരു

തേൻകിനിയും പാട്ട്.

 

പാട്ടുവന്നു തൊട്ടുനേരം

കാറൊരു കുറുമ്പൻ

കാട്ടുപക്ഷിയായ് ചിറകും

നീർത്തിയെങ്ങോ പാറി.

  • 2015 ഒക്ടോബർ 1 ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ച പാട്ട് വന്നു തൊട്ട നേരം എന്ന കവിതയാണ് മുകളിൽ കൊടുത്തിട്ടുള്ളത് .കവിത ഒന്നില്‍ കൂടുതല്‍ പ്രവശ്യം വായിച്ചുനോക്കൂ…കവിതയിൽ നിന്ന് മനോഹരമായ ഒട്ടേറെ ചിത്രങ്ങൾ നിങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നില്ലേ ?ഇങ്ങനെ നിങ്ങളുടെ ഭാവനയില്‍ വിടരുന്ന രണ്ടോ മൂന്നോ ചിത്രങ്ങൾ വരകളിലും വർണങ്ങളിലും ആവിഷ്കരിക്കൂ…..