എൽ.പി. – പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം

Published by eduksspadmin on

പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം

“ആകാശം വിളിക്കുന്നു, നീ വരൂ വരൂ നിന്റെ

ലോലമാം ദളങ്ങളെ ചിറകായ് വിടർത്തുക

ആ വിളി കേൾക്കേ പൂവിന്നുള്ളിലും ഉണ്ടായ് മോഹം

പാറുവാൻ അനന്തമാം ആകാശ മാർഗ്ഗങ്ങളിൽ

ഓരോന്നോരോന്ന് എന്ന പംക്തിയിൽ 2020 മാർച്ച് 1 ന്റെ യുറീക്കയിൽ നാഗമല്ലി / പുഴുക്കൊല്ലി എന്നൊക്കെ വിളിക്കുന്ന ഒരു കുഞ്ഞിപ്പൂവിന്റെ ഫോട്ടോയോടൊപ്പം വന്ന വരികളാണിത്. ആ കുഞ്ഞിപ്പൂവിനെ കണ്ടാൽ അത് ചിറക് വിരിച്ച് ആകാശത്തേക്ക് പറക്കാൻ പോവുകയാണ് എന്ന് തോന്നും.

2020 ഫെബ്രുവരി 1 ന്റെ യുറീക്കയിൽ മാമ്പൂവിന്റെ ഫോട്ടോയോടൊപ്പം ഉള്ള വരികളാണിവ. നോക്കൂ.

ആരെയും കൊതിപ്പിക്കും

മാങ്കനി മധുരങ്ങളേകുന്നു പിന്നീട്

അദ്യമീ മലരൊളി

കൊതിപ്പിക്കുന്ന മധുരം പകർന്നു തരുന്ന മാമ്പഴത്തിന്റെ ആദ്യപടിയാണ് ഈ മാമ്പൂ .

2020 മാർച്ച് 16 ന്റെ യുറീക്കയിൽ ഒരു പൂവിന്റെ ഫോട്ടോയല്ല. പിന്നെയോ? പൂ പോലെ മനോഹരമായ ഒരു ഫോട്ടോ ആണ്. പുല്ലിലും ഇലയുടെ തുമ്പിലും ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികളുടെ ഫോട്ടോ. ആ ചിത്രത്തോടൊപ്പമുള്ള രണ്ടു വരി എന്താണെന്നോ?

ഇലയും ജലവും ചേർന്നേ

പരിപാലിപ്പു ജീവനേ

ഇതുപോലെ മറ്റ് യുറീക്കകളിലും “ഓരോന്നോരോന്ന് “എന്ന പംക്തിയിൽ ഫോട്ടോകളും കവിതകളും ഉണ്ട്. അവയൊക്കെ വായിക്കണേ.

എന്നിട്ട് നിങ്ങളുടെ വീട്ടുമുറ്റത്തോ തൊടിയിലോ ഉള്ള ഏതെങ്കിലും ഒരു കുഞ്ഞിപ്പൂവിന്റെ, ഒരു നാടൻ പൂവിന്റെ, ഫോട്ടോ എടുക്കൂ. അതിനെ കുറിച്ച് ഒരു കവിതയോ വർണ്ണനയോ എഴുതൂ. കഥയോ പൂവിന്റെ ഒരു സ്വപ്നമോ ആയാലും മതി.

ഭംഗിയുള്ള ഒരു കുഞ്ഞിപ്പൂവിനെ കണ്ടെത്താനും അതിന്റെ ഫോട്ടോ എടുക്കാനും അതിനെ കുറിച്ച് കവിത, കഥ, വർണ്ണന, സ്വപ്നം ഇവയില്‍ ഏതെങ്കിലും ഒന്ന് നന്നായിട്ട് എഴുതാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക.


4 Comments

Anurag. M. R · 19/12/2020 at 7:47 PM

നല്ല രസമുണ്ട്

    Ayisha · 25/12/2020 at 6:15 PM

    നല്ല രസമുള്ള പ്രവർത്തനം

Ananya. H · 24/12/2020 at 2:40 PM

നന്നായിട്ടുണ്ട് ഈ പ്രവർത്തനം

DEVARSH T V · 24/12/2020 at 3:17 PM

Super..by Devarsh T V

Comments are closed.