എൽ.പി – പ്രവർത്തനം 8 – ഭിന്നവട്ടം

Published by eduksspadmin on

പ്രവർത്തനം 8 – ഭിന്നവട്ടം

1, 2, 3 …… എന്നിങ്ങനെയുള്ള എണ്ണൽ സംഖ്യകൾ എല്ലാവർക്കും നല്ല പരിചയമില്ലേ? എന്നാൽ ഇതിനിടയിലും പല തരം സംഖ്യകൾ ഉണ്ടല്ലോ? കാൽ, അര, മുക്കാൽ, ഒന്നര എന്നൊക്കെ കേട്ടിട്ടില്ലേ?

ഇതൊക്കെ ചെയ്ത് പഠിക്കാൻ നമുക്കൊരു സാധനം ഉണ്ടാക്കാം.

യുറീക്കയിലെ വട്ട് പത്തിരി (2019 ഒക്ടോബർ 1) വായിച്ചപ്പോൾ വൃത്തം, വൃത്ത കേന്ദ്രം, ആരം എന്നൊക്കെ പറഞ്ഞത് മനസിലായോ? നിർമ്മിക്കുന്നതോടെ അതും തിരിച്ചറിയാം.

വേറെ വേറെ നിറത്തിലുള്ള ഓരോ പേപ്പർ എടുക്കുക

നിങ്ങളുടെ മട്ടപെട്ടിയിലെ (ഇൻസ്ട്രുമെൻറ് ബോക്സ് ) കോമ്പസ് ഉപയോഗിച്ച് ഒരേ വലിപ്പമുള്ള ഓരോ വൃത്തങ്ങൾ വരച്ച് അവ മുറിച്ചെടുക്കുക.

കോമ്പസിന്റെ കൂർത്ത മുനയുള്ള ഭാഗം കുത്തിയത് നോക്കൂ…. അതാണ് വൃത്തത്തിന്റെ കേന്ദ്രം.

കേന്ദ്രത്തിൽ നിന്ന് വൃത്തത്തിന്റെ ഒരു ഭാഗത്തേക്ക് ഒരു വരയിടുക. ആ വരയുടെ നീളമാണ് ആരം.

വരയിലൂടെ മുറിക്കുക.

രണ്ട് വൃത്തത്തിലും ഇതുപോലെ വരച്ച് മുറിക്കണേ….

ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ഒരു ഭാഗത്തേക്ക് മുറിച്ച രണ്ട് നിറത്തിലുള്ള വൃത്തങ്ങള്‍ കിട്ടിയില്ലേ?

ഇനി രണ്ട് വൃത്തങ്ങളും മുറിച്ച ഭാഗത്തു കൂടെ പരസ്പരം കോർത്ത് ഉള്ളിലേയ്ക്ക് കയറ്റിവെക്കൂ ……

അപ്പോൾ അവ ഒന്നിന് മുകളിൽ മറ്റൊന്ന് തെന്നി നീക്കാവുന്ന തരത്തിൽ ലഭിക്കും.

നമ്മുടെ ഭിന്ന വട്ടം റെഡിയായി.

ഇത് ഉപയോഗിച്ച് കാൽ ഭാഗം എന്നത് ഉണ്ടാക്കി നോക്കൂ… അതുപോലെ അര ഭാഗം, മുക്കാൽ ഭാഗം എന്നിവ വീട്ടുകാർക്കും കൂട്ടുകാർക്കും കാണിച്ചു കൊടുക്കൂ…. ഇനിയും ഏതൊക്കെ ഭാഗങ്ങൾ ഉണ്ടാക്കാം?

കൃത്യമായി പേപ്പര്‍ മുറിച്ച് ഭിന്നവട്ടം നിര്‍മിക്കാനും അതുപയോഗിച്ച് ഭാഗങ്ങള്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. ഭിന്ന വട്ടത്തിന്റെ വൃത്തിയും ഭംഗിയും കൂടി  വിലയിരുത്തണേ.


4 Comments

Aiswarya · 18/12/2020 at 10:11 PM

Tamil ezhuthamo

ഹരികൃഷ്ണൻ. R · 19/12/2020 at 5:00 PM

ഞാൻ ഭിന്നവട്ടം നിർമ്മിച്ചു.
കാൽ ഭാഗം, അര ഭാഗം, മുക്കാൽ ഭാഗം എന്നിവ
വീട്ടിലെല്ലാവരെയും കാണിച്ചു.
വൃത്തിയായും ഭംഗിയായും ഞാൻ ചെയ്തിട്ടുണ്ട്.

Anurag. M. R · 19/12/2020 at 7:45 PM

😊😊👌👌

Sivakeertan.SA · 19/12/2020 at 10:00 PM

Very interesting activity. I made the fraction circle very well.

Comments are closed.