എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും

Published by eduksspadmin on

എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും


നിങ്ങൾ രാത്രിയിൽ ആകാശത്ത് ചന്ദ്രനേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും ഒക്കെ നിരീക്ഷിക്കാറുണ്ടോ? നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം കാണാൻ എന്ത് ഭംഗിയാണ്. അല്ലേ? 

ആറ് ദിവസം തുടർച്ചയായി രാത്രി 7 മണിക്ക് നമുക്ക് ആകാശത്തേക്ക് ഒന്ന് നോക്കിയാലോ? ഡിസംബർ 21 ന് തുടങ്ങാം. അന്നത്തെ ദിവസം ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് തന്നെ തുടങ്ങുന്നത്. വിജ്ഞാനോത്സവത്തിന്റെ ഈ പ്രവര്‍ത്തനം ശരിക്കും 22 ന് തുടങ്ങിയാല്‍ മതി. 21 ന് നമ്മള്‍ ഒരു മുന്നൊരുക്കമായി ആകാശം ഒക്കെ വെറുതേ ഒന്നു കാണുന്നു. 21 ന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞില്ല. അന്ന് സന്ധ്യ മുതല്‍ 8 മണി വരെ പടിഞ്ഞാറോട്ട് നോക്കിയാല്‍ പടിഞ്ഞാറു നിന്നും കുറച്ച് തെക്കോട്ടുമാറി  രണ്ടു ഗ്രഹങ്ങളെ തൊട്ടടുത്തടുത്തായി കാണാം. കാണുമ്പോള്‍ രണ്ടും ഒന്നാണെന്ന് തോന്നാം. ഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ? വ്യാഴവും ശനിയും. അത് കാണുന്നതിന് ഇടയില്‍ കിഴക്കോട്ട് ഒന്ന് തിരിഞ്ഞ് ചന്ദ്രനെ ഒക്കെ ഒന്ന് ശ്രദ്ധിക്കണേ. നാളെ മുതല്‍ നമ്മള്‍ ആകാശത്തിന്റെ കിഴക്ക് ഭാഗമാണ് നിരീക്ഷിക്കുന്നത്. ഡിസംബർ 26 വരെ 5 ദിവസം. 21 ന് 7 മണിക്ക് കിഴക്കോട്ട് നോക്കിയാൽ നിങ്ങൾക്ക് ചന്ദ്രനെ കാണാം.

ചന്ദ്രനെ നോക്കി നിൽക്കുമ്പോൾ നിങ്ങൾ കാണുന്ന ആകാശ ഭാഗത്തിന്റെ ഒരു ചിത്രമാണിത്. ഒരു A4 പേപ്പർ എടുത്ത് ഈ ചിത്രം അതിലേക്ക് വരച്ചു വച്ചോളൂ. ഇതിൽ നല്ല തെളിച്ചമുള്ള നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും മാത്രമേ കാണിച്ചിട്ടുള്ളു. ഇവയെ കൂടാതെ തെളിച്ചം കുറഞ്ഞ ഒത്തിരി നക്ഷത്രങ്ങളേയും നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ ഒരെണ്ണം ഒരു ഗ്രഹമാണ്. ചന്ദ്രന്റെ അടുത്ത് താഴെ ഇടത്ത് ഭാഗത്ത് കാണുന്നത് ചൊവ്വ (Mars) ആണ്. നിങ്ങൾ വരച്ച ചിത്രത്തിൽ ചൊവ്വ അടയാളപ്പെടുത്തി വച്ചോളൂ. ഇനിയുള്ള ദിവസങ്ങളിൽ 7 മണിക്ക് ഈ ആകാശ ഭാഗം നിരീക്ഷിക്കണം.

നക്ഷത്രങ്ങളേയും ചൊവ്വയേയും അപേക്ഷിച്ച് ചന്ദ്രന്റെ സ്ഥാനം മാറുന്നു എങ്കിൽ നിങ്ങളുടെ പേപ്പറിൽ ചന്ദ്രന്റെ ഓരോ ദിവസത്തേയും സ്ഥാനം വരച്ച് ചേർക്കണം. ചന്ദ്രനെ വരക്കുമ്പോൾ അതിന്റെ ആകൃതിയിൽ മാറ്റം വരുന്നെങ്കിൽ അതും കൂടി കാണിക്കണം. വരച്ചതിന് നേരേ തീയതിയും എഴുതി വക്കണം. ഓരോ ദിവസവും നിങ്ങളുടെ നിരീക്ഷണങ്ങൾ കുറിച്ച് വക്കണം.

ചൊവ്വ എന്ന ഗ്രഹവും നക്ഷത്രങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം നിങ്ങൾക്ക് കാഴ്ചയിൽ തോന്നിയോ? ചന്ദ്രനെ നിരീക്ഷിച്ചതിൽ നിന്നും നിങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണ്? ഇവയൊക്കെ ചേര്‍ത്ത് ഒരു കുറിപ്പാക്കൂ.

നിങ്ങൾക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞോ? ചന്ദ്രന്റെ പ്രത്യേകതകൾ കണ്ടെത്താൻ കഴിഞ്ഞോ? ഇതൊക്കെ നിങ്ങൾ തന്നെ വിലയിരുത്തുക.

 


6 Comments

Anurag. M. R · 19/12/2020 at 7:02 PM

നല്ല രസകരമായിരുന്നു

Hamdafathima · 20/12/2020 at 9:23 AM

നല്ല അറിവുകൾ കുട്ടികൾക്ക് കിട്ടുന്ന ഒരു മേഖലയായിട്ടാണ് ഈ വിജ്ഞാനോത്സവത്തെ കാണുന്നത്.

Abhinand.A. M · 22/12/2020 at 11:41 AM

നല്ല രസകരമായിരുന്നു

ROOPINY RAMESH · 22/12/2020 at 3:24 PM

s

Sivakeertan.SA · 26/12/2020 at 7:59 PM

I was very excited to do this activity. But I couldn’t see this planets because of the intensity of clouds.

Comments are closed.