ഹൈസ്കൂൾ – പ്രവർത്തനം 4 -അമ്മക്കൈകൾ

Published by eduksspadmin on

പ്രവർത്തനം 4 –അമ്മക്കൈകൾ

കണ്ടിട്ടുണ്ടോ
നേരം പുലരുന്നതിനു മുമ്പേ
അമ്മയ്ക്ക്
ഒരായിരം കൈകൾ മുളയ്ക്കുന്നത്..
പല നീളത്തിലുള്ള അമ്മക്കൈകൾ…

പിന്നെ,
പകുത്തു നൽകുകയായി അമ്മ
ഓരോരുത്തർക്കും ഓരോ കൈകളെ.

ചായക്കപ്പിൽ നിന്നും
പറന്നുപോകാൻ തിടുക്കം കൂട്ടുന്ന ചൂടിനെ അണഞ്ഞുപിടിച്ച്
ഉമ്മറത്തേക്കു നീളുന്ന അമ്മക്കൈ
അച്ഛനുള്ളതാണ്.
എങ്കിലല്ലേ ,
ചവയ്ക്കാതെ വിഴുങ്ങുന്ന പത്രവാർത്തകൾ
അച്ഛന്റെ തൊണ്ടയിൽ കുടുങ്ങാതിരിക്കൂ..
ദോശക്കല്ലിനോട് പിണങ്ങി
മുഖം കറുപ്പിക്കാനൊരുങ്ങുന്ന ദോശയ്ക്കുള്ളതാണത്രേ ഒന്ന്‌..

പിന്നൊന്ന്,
കലത്തിനുള്ളിൽ ചാടിമറിഞ്ഞ്
കുസ്യതി കാണിക്കുന്ന സാമ്പാറിന്..

എങ്ങനെ കൊടുക്കാതിരിക്കും അരിക്കലത്തിൽ കിടന്ന്
പതം പറഞ്ഞ് കരയുന്ന
ചോറിനായി ഒന്ന്…

കുളിമുറിയിലെ പിണക്കങ്ങൾ ഒപ്പിയെടുക്കാൻ
ഒന്നിലേറെ കൈകൾ കൊടുക്കുമത്രേ
അമ്മ…

ഇനി
ചൂലും തേപ്പും പാത്രവുമൊക്കെ നീട്ടി വിളിക്കുമ്പോൾ
ഓടിപ്പോയി കൊടുക്കും
ഓരോരോ കൈകൾ അവർക്കായി..

പിന്നെ അടങ്ങിയിരിക്കുമോ
അലക്കുകല്ലും അയയും
തേപ്പുപെട്ടിയുമൊക്കെ…

“നിങ്ങളില്ലാതെ പൂർത്തിയാവില്ലല്ലോ
എന്റെ ദിവസം”
എന്ന ചിരിയോടെ
അവരെ സമാധാനിപ്പിക്കാനെത്തും അമ്മക്കൈകൾ…

അങ്ങനെയങ്ങനെ
പിന്നെയും തികയാതെ
“കൈകളൊരായിരം കൂടി മുളച്ചെങ്കിൽ ‘ എന്നു ചിന്തിച്ചു പോവാറുണ്ടത്രേ
അമ്മ…


ഇ.എൻ.ഷീജ

കവിതയിലെ അമ്മയെ കണ്ടല്ലോ..

അനുജാത് സിന്ധു വിനയ് ലാൽ എന്ന കുട്ടി വരച്ച ചിത്രമാണിത്.
‘എൻ്റെ അമ്മയും മറ്റ് അമ്മമാരും, എന്നാണ് അനുരാജ് ഈ ചിത്രത്തിന് പേരിട്ടത്.

 • “അമ്മക്കൈകൾ “എന്ന കവിതയിലെ അമ്മയും ഇക്കൂട്ടത്തിൽ ഒരാൾ തന്നെയല്ലേ?
 • ഇതേ കാഴ്ചകൾ തന്നെയല്ലേ നമുക്ക് ചുറ്റും നോക്കിയാലും കാണാനാവുക?
 • ഉദ്യോഗസ്ഥരായ അമ്മമാരുടേയും അവസ്ഥ ഇതുപോലെയൊക്കെത്തന്നെയല്ലേ?
 • അമ്മയും അച്ഛനും ഒരുമിച്ച് ജോലി കഴിഞ്ഞ് വന്നാലും വീട്ടുജോലികൾ ചെയ്യുന്നത് ആരായിരിക്കും?
 • പുലരും മുമ്പ് തുടങ്ങി പാതിരയോളം ജോലി ചെയ്തിട്ടും അമ്മയ്ക്ക് ശമ്പളം ലഭിക്കുന്നുണ്ടോ?
 • മറ്റു ജോലികളെപ്പോലെ സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിക്കും ശമ്പളം നിശ്ചയിക്കുകയാണെങ്കിൽ അമ്മമാർക്ക് എത്ര ശമ്പളം നൽകേണ്ടി വരും?
 • നിശ്ചിത സമയത്തെ ജോലിക്കു ശേഷം നിശ്ചിത സമയം വിശ്രമിക്കാനുള്ള അവകാശം അമ്മയ്ക്കുമില്ലേ?
 • പലതരം അഭിരുചികളുള്ള ,ഇഷ്ടങ്ങളുള്ള ഒരു വ്യക്തി തന്നെയല്ലേ അമ്മയും?
 • എന്നാൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും തന്റേതായ ഒരു സമയം അമ്മയ്ക്ക് ലഭിക്കുന്നുണ്ടോ?
 • അമ്മക്കെകൾ എന്ന കവിതയും അനുരാജിന്റെ ചിത്രവും വിലയിരുത്തിക്കഴിഞ്ഞപ്പോൾ
  നിങ്ങൾക്ക് എന്തു തോന്നുന്നു?
 • നമ്മുടെ അമ്മമാരുടെ ഈ അവസ്ഥയെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

മറ്റുള്ളവർക്കും പ്രചോദനമാകുന്ന വിധത്തിൽ നിങ്ങളുടെ ചിന്തകൾ ഒന്ന് ആവിഷ്ക്കരിച്ചു നോക്കൂ..കഥയോ കവിയോ ചിത്രമോ കുറിപ്പോ എന്നു വേണ്ട, ഉചിതമായ ഏതു രൂപവും അതിനായി നിങ്ങൾക്ക്. സ്വീകരിക്കാം..

 

സ്വയം വിലയിരുത്തൂ…


6 Comments

Suhana fathima · December 15, 2020 at 6:15 pm

ഇതും ഞാൻ ചയ്തു

Parvathi. P. Praveen · December 15, 2020 at 8:38 pm

അമ്മ എന്ന രണ്ടക്ഷരത്തിന് നാം വലിയ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ എല്ലാ വിഷമങ്ങളും സന്തോഷങ്ങളും നാം പങ്കുവക്കുന്നത് അമ്മയോടാണ്. പുലരും മുമ്പ് തുടങ്ങി പാതിരയോളം ജോലി ചെയ്താലും നാം അമ്മയോട് “അമ്മേ അമ്മ ഭക്ഷണം കഴിച്ചോ, അമ്മക്കു ക്ഷീണിക്കുന്നുണ്ടോ?” എന്നൊന്നും നാം ചോദിക്കാറില്ല. പക്ഷെ, നമുക്കൊരു അസുഖം വന്നാൽ അമ്മ നമ്മളെ എങ്ങനെയെല്ലാം ശുശ്രൂഷിക്കും… അമ്മയില്ലെങ്കിൽ നമ്മുടെ ഒരു കാര്യവും നടക്കില്ല. നമ്മുടെ എന്തെങ്കിലും സാധനം കളഞ്ഞു പോയാൽ അത് അമ്മ തിരഞ്ഞിട്ടായിരിക്കും കിട്ടുന്നത്. അതുപോലെ നമുക്ക് രാത്രിയിൽ തണുക്കുമ്പോൾ പുതപ്പ് എടുത്ത്കൊണ്ടുവന്നു പുതപ്പിക്കുന്നത് അമ്മയായിരിക്കും. എന്റെ അമ്മ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഏതു പ്രശ്നങ്ങളെയും പുഞ്ചിരിയോടെ ആണ് അമ്മ നേരിടുന്നത്. ശമ്പളം കൊടുത്തില്ലെങ്കിലും സ്നേഹമുള്ള ഒരു വാക്ക് അമ്മയോട് പറഞ്ഞാൽ മതി. ഇത്രയേറെ കഷ്ടപ്പെടുന്ന അമ്മക്ക് വേണ്ടി നാം ഇതെങ്കിലും ചെയ്യേണ്ടേ?

Nihal mc · December 15, 2020 at 10:05 pm

Mother is no compare to any any things in thw world.she is a god of all family

Dhyan dhanesh · December 17, 2020 at 9:22 pm

അമ്മ കൈകൾ എന്ന കവിത എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

Anjana. R · December 19, 2020 at 6:31 pm

അമ്മയുടെ കൈകൾ എന്നും നമുക്ക് ആശ്വാസം പകരുന്നു . അമ്മക്കൈകൾ എന്ന കവിത എനിക്ക് ഒരുപാട് ഇഷ്ടമായി

Diyag.s · December 21, 2020 at 12:08 am

അമ്മ കൈകൾ എന്ന കവിത എനിക്കു വളരെ
ഇഷ്ടപ്പെട്ടു

Comments are closed.