കുട്ടികൾക്കുള്ള കത്ത്

Published by eduksspadmin on

കുട്ടികൾക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം

പ്രിയപ്പെട്ട കുട്ടികളേ,

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും. ഡിസംബർ 15 മുതൽ edu.kssp.in എന്ന ലിങ്ക് വഴി നിങ്ങൾക്ക് വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ലഭിക്കും. എഴുത്തായും വീഡിയോ അവതരണമായും പ്രവർത്തനങ്ങൾ ലഭ്യമാണ്. വീഡിയോ കണ്ടും വായിച്ചു നോക്കിയും പ്രവർത്തനങ്ങൾ മനസ്സിലാക്കാം. എൽ.പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങങ്ങൾക്കുള്ള പ്രവർത്തനങ്ങൾ അവിടെ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിനും പത്ത് പ്രവർത്തനങ്ങളാണ് ഉള്ളത്. എല്ലാം ചെയ്യണമെന്ന് നിർബന്ധമില്ല. അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പത്ത് പ്രവർത്തനവും നിങ്ങൾക്ക് ചെയ്ത് നോക്കാം. ഓരോ പ്രവർത്തനവും ചെയ്യുമ്പോൾ തന്നെ ചെയ്ത വഴിയും (പ്രക്രിയാ) ഉത്തരവും കുറിച്ചു വെക്കുകയും പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഉത്പന്നങ്ങൾ സൂക്ഷിച്ചു വെക്കുകയും വേണം. പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഒന്നുകൂടി പരിശോധിച്ച് വിലയിരുത്തണം. അതിനു ശേഷം നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാം. ആ തീരുമാനം നിങ്ങളുടേതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം ഡിസംബർ 20 മുതൽ ലഭ്യമാവും. ജനുവരി 5 വരെ രജിസ്റ്റർ ചെയ്യാം.

ഈ വർഷം വിജ്ഞാനോത്സവത്തിന് പ്രത്യേക വിഷയം നിർദ്ദേശിച്ചിട്ടില്ല. എന്നാൽ വായിക്കുന്നതിനായി ചില കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി, യു പി വിഭാഗം കുട്ടികൾക്ക്  യുറീക്കയുടേയും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ശാസ്ത്രകേരളത്തിന്റേയും ചില ലക്കങ്ങളും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിലെ ചില ലേഖനങ്ങളും ആണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയെല്ലാം  സൈറ്റിൽ വായിക്കാം തയ്യാറാവാം എന്നതിൽ ക്ലിക്ക് ചെയ്താൽ വിവിധ വിഭാഗങ്ങളുടെ ലിങ്ക് കാണാം. അതിൽ പോയാൽ നിർദ്ദേശിച്ചിട്ടുള്ള മാസികകളും ലേഖനങ്ങളും ലഭിക്കും. ഇവയൊക്കെ വായിച്ച് തയ്യാറായിരിക്കൂ. ഡിസംബർ 15 മുതൽ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ലിങ്കിൽ ലഭിക്കും. മാസികകൾ വായിക്കുന്നതിനും പ്രവർത്തനങ്ങൾ കാണുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും പ്രയാസം നേരിടുന്നവർ വിജ്ഞാനോത്സവ സമിതിയുടെ പ്രവർത്തകരുമായി ബന്ധപ്പെടണേ. നിങ്ങൾക്ക് സഹായം തേടാവുന്നവരുടെ ഫോൺ നമ്പർ ഞങ്ങളെ ബന്ധപ്പെടാം എന്ന ലിങ്കിൽ പ്രത്യേകം നൽകിയിട്ടുണ്ട്. അതോടൊപ്പം ക്ലാസ്സ് തല വാട്സപ്പ് ഗ്രൂപ്പിൽ നിന്നും വിജ്ഞാനോത്സവ സമിതി പ്രവർത്തകരുടെ നമ്പർ ലഭിക്കും. വിജ്ഞാനോത്സവ വിശേഷങ്ങൾ അറിഞ്ഞ കുട്ടികൾ നിങ്ങളുടെ കൂട്ടുകാരെല്ലാം ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പു വരുത്തണേ. അറിയാത്തവരുണ്ടെങ്കിൽ ഈ അറിയിപ്പ് അവർക്കു കൂടി നൽകണം. ഈ അറിവിന്റെ ഉത്സവം എല്ലാ കുട്ടികളുടേതുമാണ്.

എല്ലാവർക്കും മികച്ച വിജ്ഞാനോത്സവാനുഭവങ്ങൾ ആശംസിക്കുന്നു.  

സ്നേഹത്തോടെ,

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


3 Comments

Ameen ahsan H.M · December 13, 2020 at 7:43 am

എനിക്കൊരു ഗവേഷകനാകണമെന്നാണ് എപ്പോഴും ആഗ്രഹം.വി ജ്ഞാനോത്സവം അതിൽ എന്റെ ഒന്നാം ഘട്ട ഗുരുകുലമാണ്.

Vedika.P.S · December 15, 2020 at 1:02 pm

I am always happy…

Pramukha P Nair · December 15, 2020 at 2:07 pm

Good

Comments are closed.