4. ദോശക്കല്ലിൽ ഐസ് ചുടാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 4
ദോശക്കല്ലിൽ ഐസ് ചുടാം.
ഒരു തണുത്ത ദോശക്കല്ലിൽ ഒരു ചെറിയ ഐസ് കട്ട വെക്കുക. ദോശക്കല്ലിൽ ഏതാനും തുള്ളി വെള്ളവും ഉറ്റിക്കുക. ഇനി സംഭവിക്കുന്നതെല്ലാം നോട്ട്ബുക്കിൽ കുറിക്കണേ.
കത്തുന്ന അടുപ്പിൽ ദോശക്കല്ല് വെക്കുക. ഐസ് കട്ടയ്ക്കും വെള്ളത്തുള്ളികൾക്കും എന്താണ് സംഭവിക്കുന്നത് ? വെള്ളം വറ്റാൻ എത്ര സമയം എടുത്തു ? ഐസോ ?
ദോശക്കല്ല് നന്നായി ചൂടായിക്കഴിഞ്ഞ് അതിലേക്ക് ഏതാനും തുള്ളി വെള്ളം ഒഴിച്ച് ശ്രദ്ധയോടെ നിരീക്ഷിച്ച് കുറിക്കൂ . ഇനി ചെറിയ കഷണം ഐസ് ഇട്ട് നിരീക്ഷിക്കൂ. കുറിക്കൂ . ഐസ് കഷണങ്ങൾ ഒരു ചെറിയ കടലാസിലോ തുണിയിലോ പൊതിഞ്ഞ് ദോശക്കല്ലിൽ ഇട്ടാലോ ? വെള്ളത്തുള്ളിക്കു പകരം ഏതാനും തുള്ളി എണ്ണയാണ് ദോശക്കല്ലിൽ ഉറ്റിക്കുന്നതെങ്കിലോ?
നിങ്ങൾ ചെയ്യുന്ന പരീക്ഷണങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് തീർക്കണമെന്നില്ല. ഒന്നിലേറെ തവണ ചെയ്തും നോക്കാം. പരീക്ഷണങ്ങൾ ആവർത്തിക്കുമ്പോഴാണല്ലോ നമ്മുടെ നിരീക്ഷണങ്ങൾക്ക് വ്യക്തതയും ഉറപ്പും ലഭിക്കുന്നത്.
ഇനി നിങ്ങളുടെ നിരീക്ഷണങ്ങൾക്കെല്ലാം കാരണം കൂടി കണ്ടുപിടിച്ച് എഴുതൂ. അതിന് ആരുടെ സഹായവും തേടാം.
(അടുപ്പുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളൊന്നും തനിച്ച് ചെയ്യരുതേ. മുതിർന്നവർ കൂടെ വേണം.)