6. മാഗ്‌ഡിബർഗ് അർധഗോളങ്ങൾ – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 6

മാഗ്‌ഡിബർഗ് അർധഗോളങ്ങൾ.

1654 ൽ ജർമനിയിലെ മാഗ്ഡിബർഗ് നഗരത്തിന്റെ  മേയർ ആയിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഓട്ടോ ഫൊൺ ഗ്വറിക്ക്. അദ്ദേഹം ചെയ്ത പ്രശസ്തമായ ഒരു പരീക്ഷണമാണ് ‘മാഗ് ഡിബർഗ് അർധഗോളങ്ങൾ’          (Magdeburg Hemispheres) എന്നറിയപ്പെടുന്നത്. നിങ്ങളത് വിക്കിപ്പീഡിയയിൽ വായിക്കൂ. Magdeburg hemispheres – Wikipedia

ആ പരീക്ഷണത്തിന്റ ഒരു ലളിതമായ പതിപ്പ് നമുക്ക് ചെയ്തു നോക്കാം. ഏതാണ്ട് ഒരേ വലുപ്പവും ഒരേ വാവട്ടവുമുള്ള രണ്ട് സ്റ്റീൽ പാത്രങ്ങൾ (വായ് ഭാഗം അല്പം പരന്നതാകണേ, താഴെ ചിത്രത്തിലേതുപോലുള്ള രണ്ട് മൊന്തകളായാൽ നന്നാവും) എടുക്കുക. കുറച്ച് മൈദ മാവ് കുഴമ്പുപരുവത്തിലാക്കി (അല്ലെങ്കിൽ ഗ്രീസ്) ഒന്നിന്റെ വായ്ഭാഗത്ത് തേച്ച്, മറ്റേ പാത്രം കൊണ്ട് വായു നിബദ്ധമായി (വായു അകത്തേക്കും പുറത്തേക്കും കടക്കാത്ത വിധം) അമർത്തി അടക്കുക. കുറച്ചു സമയം കഴിഞ്ഞ്, നിങ്ങളും നിങ്ങടെ ഒരു സഹായിയും ചേർന്ന് പാത്രങ്ങളെ വലിച്ചു വേർപെടുത്താൻ ശ്രമിക്കുക. അതിനു വലിയ അധ്വാനം വേണ്ടി വരില്ല എന്നു കാണാം. ഇനി രണ്ടു പാത്രവും നന്നായി ചൂടാക്കിയ ശേഷം മുൻപത്തേ പോലെ വായ്ഭാഗം ചേർത്ത് വെച്ച് വായു നിബദ്ധമാക്കി തണുക്കാൻ വിടുക . കുറച്ചു സമയം കഴിഞ്ഞ് രണ്ടും തമ്മിൽ വലിച്ചു വേർപെടുത്താൻ ശ്രമിച്ചു നോക്കൂ. വിഷമമെങ്കിൽ മറ്റുള്ളവരെക്കൂടി സഹായത്തിനു വിളിക്കൂ. പാത്രങ്ങൾ പല അളവിൽ ചൂടാക്കി പരീക്ഷണം ആവർത്തിക്കൂ. ( കൈ പൊള്ളാതെ നോക്കണേ). എല്ലാം കൃത്യമായി കുറിച്ചു വെക്കു. പരീക്ഷണത്തിന്റെ ശാസ്ത്രീയ നിഗമനവും എഴുതു. മാഗ്‌ഡിബർഗ് പരീക്ഷണവുമായി ഇതിനുള്ള വ്യത്യാസവും എഴുതണേ.