5. ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 5
ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം.
രണ്ടോ മൂന്നോ ചന്ദനത്തിരി ഒന്നായി കെട്ടി കത്തിച്ച് മുറിയുടെ നടുക്ക് കുത്തനെ നിർത്തുക (ഒരു പഴത്തിൽ കുത്തി നിർത്താം). ജനലും വാതിലും എല്ലാം അടച്ച് പുക എങ്ങോട്ടു പോകുന്നു എന്നു നിരീക്ഷിക്കുക. എന്തുകൊണ്ടായിരിക്കാം പുക ഇങ്ങനെ സഞ്ചരിക്കുന്നത്?
ഇനി ഒരു ജനൽ തുറന്ന് ചന്ദനത്തിരി അതിനടുത്തു വെച്ച് നിരീക്ഷിക്കുക. പുകയുടെ ദിശക്ക് കാറ്റിന്റെ ദിശയുമായി എന്തെങ്കിലും ബന്ധം കാണാനുണ്ടോ? ഇനി ജനലുകൾ ഓരോന്നായി തുറന്നും വാതിൽ തുറന്നും എതിർ ജാലകങ്ങൾ മാത്രം തുറന്നും – അങ്ങനെ പല രീതിയിൽ ചന്ദനത്തിരി പല ഇടങ്ങളിൽ വെച്ച് നിരീക്ഷിച്ച് എല്ലാം കുറിക്കുക, കഴിയുമെങ്കിൽ ചിത്രം സഹിതം. ഇത് പല സമയങ്ങളിൽ (രാവിലെ , ഉച്ചക്ക് , രാത്രി ) പല മുറികളിൽ, പല ദിവസങ്ങളിൽ ചെയ്യാം. വീട്ടിൽ എല്ലാവർക്കും ഒന്നു കാണിച്ചു കൊടുക്കുകയുമാവാം. ഒരോ നിരീക്ഷണത്തിൻ്റേയും സമയം, സ്ഥലം, ദിശ, തിയതി എന്നിവ പട്ടികപ്പെടുത്തി വിശകലനം ചെയ്യൂ. വീടിനുള്ളിൽ നല്ല കാറ്റോട്ടം കിട്ടുന്നതിന് നിങ്ങളുടെ വീടിന്റെ ഘടന തടസ്സമായി നിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാനാവുമോ? അതോ വീടിന്റെ ഘടന നല്ല കാറ്റോട്ടം കിട്ടുന്നതിന് സഹായകമാണോ? സഹായകമാണെങ്കിൽ അത് ഏത് തരത്തിലാണ് എന്ന് വിശദീകരിക്കാമോ? ഓരോ മുറിയിലേയും കാറ്റോട്ടം മെച്ചപ്പെടുത്താൻ ഫാനിന്റെ സ്ഥാനം എവിടെയാവും നല്ലത്?
ഇതെല്ലാം, ചിത്രങ്ങൾ സഹിതം ഒരു റിപ്പോർട്ടായി എഴുതൂ.