10. അക്ഷരക്കളി – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 10
അക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കുന്ന പല തരത്തിലുള്ള കളികൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെ ഇംഗ്ലീഷിലാണ്. മലയാളം അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ഒരു കളി നിലവിലില്ല. അത്തരത്തിൽ ഒരു കളി ഉണ്ടാക്കി എടുക്കുകയാണ് നമ്മുടെ ലക്ഷ്യം.
അതിനായി ആദ്യം നമുക്ക് ഇംഗ്ലീഷിലുള്ള Word power, Scrabble എന്നൊക്കെ പേരുകളുള്ള കളികളെ ഒന്ന് പരിചയപ്പെടാം.
ഇതാണ് Word power കളിക്കുന്ന ബോർഡ്. സമചതുരാകൃതിയുള്ള ഈ ബോർഡിൽ 15 വരികളിലും 15 നിരകളിലും ആയി 225 കള്ളികളുണ്ട്. കള്ളികളിൽ വക്കാവുന്ന, അക്ഷരങ്ങൾ പ്രിന്റ് ചെയ്തിട്ടുള്ള, 100 ചതുരക്കട്ടകളും ഈ ബോർഡിനോടൊപ്പം ഉണ്ട്. ഇതിൽ ഏതൊക്കെ അക്ഷരങ്ങൾ എത്ര എണ്ണം വീതം ഉണ്ട് എന്നാണ് താഴെ കൊടുത്തിരിക്കുന്നത്.
E-12, A യും I യും – 9, O-8, N,T,R എന്നിവ- 6, D,U,L,S എന്നിവ-4, G-3, B,C,F,H,M,P,V,W,Y എന്നിവ-2, J,K,Q,X,Z എന്നിവ-1. അക്ഷരങ്ങൾ ഒന്നും എഴുതാത്ത 2 ജോക്കറുകളും കൂട്ടത്തിലുണ്ട്. ജോക്കറുകളെ ഏത് അക്ഷരമായി വേണമെങ്കിലും ഉപയോഗിക്കാം. എല്ലാം ചേരുമ്പോൾ ആകെ 100 എണ്ണം ഉണ്ടാവും.
ഓരോ അക്ഷരത്തിനും പോയിന്റ് ഉണ്ട്. 10 പോയിന്റ് ഉള്ളത് Q, Z എന്നിവക്കാണ്. 8 പോയിന്റ് J,X എന്നിവക്ക്. K ക്ക് 5, F,H,V,W,Y എന്നിവക്ക് 4, B,C,P എന്നിവക്ക് 3, G ക്ക് 2, ബാക്കിയുള്ള A,E,I,O,U,D,L,S,N,T,R എന്നിവക്ക് 1
ഇതിൽ ഏറ്റവും നടുക്കുള്ള start എന്നെഴുതിയ കള്ളിയിൽ നിന്നാണ് കളി തുടങ്ങേണ്ടത്. നാല് പേർക്കാണ് ഈ കളി കളിക്കാവുന്നത്. അക്ഷരം ഏതാണ് എന്ന് അറിയാത്ത വിധത്തിൽ കമഴ്ത്തി നിരത്തി വച്ചിട്ടുള്ള 100 കട്ടകളിൽ നിന്ന് 7 എണ്ണം കളിക്കുന്ന എല്ലാവർക്കും എടുക്കാം. ഏതാണ് എടുത്തത് എന്ന് മറ്റുള്ളവരെ കാണിക്കരുത്. ആദ്യം കളിക്കുന്ന ആൾക്ക് Start ൽ നിന്നും തുടങ്ങി വലത്തോട്ടോ താഴോട്ടോ ഒരു വാക്ക് വക്കാം. വാക്കിന് ഏഴ് അക്ഷരം വരെ ആകാം. തുടർന്ന് അടുത്തയാൾക്ക് ഈ വാക്കിലെ ഏതെങ്കിലും ഒരു അക്ഷരത്തിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ അക്ഷരം ഇടക്ക് വരുന്നതോ ആയ വാക്ക് വക്കാം. വക്കുന്ന ഓരോ വാക്കിനും പോയിന്റ് ഉണ്ട്. അക്ഷരങ്ങളിൽ ഉള്ള പോയിന്റും അക്ഷരം വെച്ച സ്ഥാനം കൊണ്ട് കിട്ടുന്ന അധിക പോയിന്റും കൂട്ടുന്നതാണ് വാക്കിന്റെ പോയിന്റ്. കളിക്കുന്ന ബോർഡിൽ Double letter score ഉം Triple letter score ഉം ഉള്ള കള്ളികളുണ്ട്. ഈ കള്ളികളിൽ വക്കുന്ന അക്ഷരത്തിലെ പോയിന്റിന്റെ ഇരട്ടിയും മൂന്നിരട്ടിയും അവിടെ വച്ചാൽ കിട്ടും. അതുപോലെ Double Word score ഉം Triple Word score ഉം ഉണ്ട്. ആ കള്ളിയിൽ കൂടി വക്കുന്ന വാക്കിന് അതിലെ അക്ഷരങ്ങളുടെ ആകെ പോയിന്റിന്റെ ഇരട്ടിയും മൂന്നിരട്ടിയും കിട്ടും. ഓരോത്തരും കളത്തിലുള്ള അക്ഷരങ്ങളിൽ ഏതെങ്കിലും ഒരെണ്ണവുമായി ബന്ധിപ്പിച്ച് പുതിയ വാക്കുകൾ വച്ചു കൊണ്ട് കളി തുടരാം.
ഇനിയാണ് നമുക്ക് ചെയ്യാനുള്ളത്. ഇതേ ബോർഡ് ഉപയോഗിച്ച് മലയാളത്തിൽ വാക്ക് ഉണ്ടാക്കി കളിക്കാവുന്ന ഒരു കളി ഉണ്ടാക്കണം. അതിന് എന്തൊക്കെയാണ് വേണ്ടത്. മലയാളം അക്ഷരങ്ങളുടെ പ്രത്യേകത പരിഗണിച്ച് ചില കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം. വള്ളികൾ, ദീർഘങ്ങൾ തുടങ്ങിയ ചിഹ്നങ്ങൾക്ക് പോയിന്റ് വേണ്ട. അവ അക്ഷരത്തോടൊപ്പം ചേർത്ത് ഒരേ കള്ളിയിൽ വച്ചാൽ മതി. അക്ഷരങ്ങൾക്ക് ഓരോന്നിനും എത്ര പോയിന്റ് എന്ന് തീരുമാനിക്കണം. ഓരോ അക്ഷരവും എത്ര എണ്ണം വേണം എന്നും തീരുമാനിക്കണം. ഇത് കളിച്ചു നോക്കി തന്നെയേ തീരുമാനിക്കാനാകൂ. കളിക്കുമ്പോൾ ഒരക്ഷരം ഇല്ലാത്തതിനാൽ കളി മുന്നോട്ടു പോകാനാകുന്നില്ല എങ്കിൽ ആ അക്ഷരം കൂടുതൽ വേണം. കളി കഴിയുമ്പോൾ ഒരക്ഷരം ഒത്തിരി എണ്ണം ബാക്കി ആകുന്നെങ്കിൽ അത് അത്രയും വേണ്ട. ഓരോ അക്ഷരങ്ങളുടെ പോയിന്റ്, ഓരോന്നും എത്ര എണ്ണം വീതം എന്നിവ തീരുമാനിക്കുക എന്നതാണ് പ്രധാനം. ഇത് പല പ്രാവശ്യം കളിച്ചു നോക്കിയേ തീരുമാനിക്കാനാകൂ. ബോർഡും അക്ഷരങ്ങൾ എഴുതിയ പേപ്പറും വച്ച് ഇങ്ങനെ പല പ്രാവശ്യം കളിച്ചു നോക്കി ഒരു പുതിയ കളി രൂപപ്പെടുത്താൻ ശ്രമിച്ചാലോ?,. എന്താ റെഡിയല്ലേ?