6. വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 6
വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം :
വെയിലത്ത് വളരുന്ന, വലിയ പച്ച ഇലകളുള്ള രണ്ടോ മൂന്നോ ചെടികളിലെ (ഉദാ. ചേമ്പ്, ചട്ടിയിൽ വളരുന്ന പൂച്ചെടി …) ഏതാനും ഇലകൾ തിരഞ്ഞെടുക്കുക.
ഇനി കടലാസിൽ പല വലുപ്പത്തിൽ ചിത്രങ്ങൾ (ഔട്ട് ലൈൻ മാത്രം ) വരച്ച് ബ്ലേഡ് / കത്രിക കൊണ്ട് വെട്ടിയെടുക്കുക. പക്ഷി, പൂച്ച, പൂമ്പാറ്റ, പാമ്പ് … എന്തുമാകാം. ചിലത് ചെറുത്, ചിലത് വലുത്. ഇനി ഓരോ ചിത്രവും ഇലകൾക്കു മേൽ അല്പം മാത്രം പശ തേച്ച് ഒട്ടിക്കുക. ഒരു ഇലയിൽ പല ചിത്രങ്ങൾ ആകാം . ഇലകൾ ഇനി വെയിൽ കൊള്ളട്ടെ. കുറച്ചു ചിത്രങ്ങൾ 10 ദിവസം കഴിഞ്ഞും ബാക്കി 15 ദിവസം കഴിഞ്ഞും ഇളക്കി മാറ്റി നോക്കുക. ചിത്രങ്ങൾ ഇലകളിൽ പതിഞ്ഞിട്ടുണ്ടോ ? ഏതാണ് കൂടുതൽ പതിഞ്ഞവ ? പതിയാത്തവ ഉണ്ടോ ? തുടർന്ന് വെയിൽ കൊള്ളുമ്പോൾ ചിത്രങ്ങൾ മാഞ്ഞു പോകുന്നുണ്ടോ? എത്ര ദിവസം കൊണ്ട് ? തുടക്കം മുതൽ എല്ലാം കൃത്യമായി ഒരു നോട്ടു ബുക്കിൽ എഴുതി വെക്കണേ. പറ്റുമെങ്കിൽ ഫോട്ടോയും എടുത്തോളൂ.