5. കാറ്റിന്റെ ദിശ – എൽ.പി രണ്ടാംഘട്ട പ്രവർത്തനം

Published by eduksspadmin on

പ്രവർത്തനം 5

പലപ്പോഴും പല ദിശയിൽ നിന്നും കാറ്റ് വീശുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ പരിസരത്തെ കാറ്റിന്റെ ദിശ കണ്ടെത്താനുള്ള ഒരു പ്രവർത്തനം നടത്തിയാലോ?

ഇതിനാദ്യം കാറ്റിന്റെ ദിശ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനം കാറ്റാടി ( Wind Vane) ഉണ്ടാക്കണം. അതിന് എന്തൊക്കെ സാധനങ്ങൾ വേണമെന്നു നോക്കാം.

  1. 2 പേപ്പർ പ്ലേറ്റ്
  2. ഒരു കത്രിക
  3. ഒരു ഷീറ്റ് കട്ടിയുള്ള പോസ്റ്റർ പേപ്പർ
  4. ഒരു സ്ട്രോ
  5. ഒരു വലിയ മൊട്ടുസൂചി
  6. പിന്നിൽ റബറുള്ള ഒരു പുതിയ പെൻസിൽ
  7. കുട്ടികൾ കളിക്കുന്ന ക്ലേ ( play dough)
  8. പശ
  9. കളർ പെൻസിൽ അല്ലെങ്കിൽ ക്രയോൺ
  10.  കോമ്പസ് ( ദിശ അറിയുന്ന ഉപകരണം)
  11.  ഒരു സ്കെയിൽ 

ആദ്യം സ്ട്രോയുടെ രണ്ടറ്റത്തും ഒരോ വെട്ടുകൾ ഇടുക. പോസ്റ്റർ പേപ്പറിൽ പെൻസിലും സ്കെയിലും വെച്ച് ഒരു ആരോയുടെ വാലും ഒരു ത്രികോണവും വരച്ച് വെട്ടിയെടുക്കുക. കാറ്റാടിയുടെ വാലും തലയും ഉണ്ടാക്കാനാണിത്. ഈ വാലും തലയും സ്ട്രോയുടെ രണ്ട് ഭാഗത്തും ഉണ്ടാക്കിയ വെട്ടിൽ വയ്ക്കുക. ഇനി നീളമുള്ള വലിയ മൊട്ടുസൂചി ഈ സ്ട്രോയുടെ നടുഭാഗത്തിൽ കുത്തിയിറക്കുക. സൂക്ഷിച്ച് ചെയ്യണം. സൂചി ഇറക്കി കഴിയുമ്പോൾ സ്ട്രോയ്ക്ക് ആ സൂചിയ്ക്ക് ചുറ്റും തിരിയാൻ കഴിയണം.

ഇനി ഈ സൂചി റബർ പെൻസിലിന്റെ റബറിൽ കുത്തി വച്ചോള്ളൂ. എല്ലാം കഴിയുമ്പോൾ നമ്മൾ ഉണ്ടാക്കിയ കാറ്റാടിത്തലയ്ക്ക് പെൻസിലിന്റെ മുകളിൽ എളുപ്പത്തിൽ വട്ടം ചുറ്റാൻ കഴിയണം.

ഇനി ഒരു പേപ്പർ പ്ലേറ്റിന്റെ അടി ഭാഗത്ത് കളർ പെൻസിൽ കൊണ്ടോ ക്രയോൺ കൊണ്ടോ അതിന്റെ മധ്യഭാഗവും  നാലു ദിശകളും (തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്) അടയാളപ്പെടുത്തുക. 

ബാക്കി സ്ഥലം നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം. ഇനി നേരത്തെ തയ്യാറാക്കി വച്ച പെൻസിലും കാറ്റാടിത്തലയും അലങ്കരിച്ച  പേപ്പർ പ്ലേറ്റിന്റെ നടുവിലൂടെ കടത്തി  ക്ലേ അല്ലെങ്കിൽ കളിമണ്ണ് അമർത്തി വച്ച് രണ്ടാമത്തെ പേപ്പർ പ്ലേറ്റിൽ കമഴ്ത്തി വയ്ക്കണം. [നിങ്ങളുടെ കാറ്റാടിയ്ക്ക് കനമുള്ള ഒരു ബേസ് ഉണ്ടാക്കാനാണിത്. കാറ്റടിക്കുമ്പോൾ കാറ്റാടി വീണു പോകരുത്]

നമ്മുടെ വിൻഡ് വെയ്ൻ അഥവാ കാറ്റാടി തയ്യാറായി. ഇനി അത് നിങ്ങളുടെ വീടിനു പുറത്ത് കാറ്റുള്ള ഒരു സ്ഥലത്ത് വയ്ക്കൂ. പേപ്പർ പ്ലേറ്റിൽ അടയാളപ്പെടുത്തിയ ദിശയ്ക്ക് അനുസരിച്ച് വേണം പ്ലേറ്റ് വയ്ക്കാൻ. കിഴക്ക് എന്നടയാളപ്പെടുത്തിയ ഭാഗം പറമ്പിന്റെ കിഴക്ക് തിരിഞ്ഞിരിക്കണം. ഇതിനായി കോമ്പസ്സുപയോഗിക്കാം. കോമ്പസ്സ് ഇല്ലെങ്കിൽ സൂര്യനെ നോക്കിയോ, മുതിർന്നവരോട് ചോദിച്ചോ ദിശ കണ്ട് പിടിച്ച് വേണം കാറ്റാടി സ്ഥാപിക്കാൻ. കാറ്റടിക്കുമ്പോൾ കാറ്റാടിയുടെ തല തിരിയുന്ന ദിശ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?

നമ്മൾ പ്രൊജക്ട് ചെയ്യാൻ തയ്യാറായി. പുസ്തകവും പേനയും എടുത്തോളൂ. രാവിലെ  6 മണി മുതൽ രാത്രി 10 മണി വരെ രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് ഒരു പ്രത്യേക സ്ഥലത്ത് കാറ്റിന്റെ ദിശ അടയാളപ്പെടുത്തൂ. പല പല സ്ഥാനങ്ങളിൽ ഈ കാറ്റാടി സ്ഥാപിച്ച് ഒരോ ദിവസവും ഇത് ആവർത്തിക്കണം. ഒരേ സ്ഥലത്ത് രണ്ടോ മൂന്നോ ദിവസം ഇതേ പരീക്ഷണം ആവർത്തിക്കുകയും വേണം. (നിരീക്ഷണഫലം ആവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണിത്).

പത്തിരുപത് ദിവസം എടുത്ത് നിരീക്ഷണ പട്ടിക തയ്യാറാക്കൂ. നിങ്ങളുടെ വീടിന് പുറത്ത് ഏത് കോണിൽ ഏത് ദിശയിൽ ആണു കാറ്റ് വീശുന്നത് ? കാറ്റിന്റെ ദിശയിൽ എപ്പോഴെങ്കിലും മാറ്റം വരുന്നുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ? എല്ലാം ചേർത്ത് ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൂ.

ഈ വീഡിയോയിൽ കാറ്റാടി എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമാക്കുന്നുണ്ട്.