3. അതിന്നുമപ്പുറമെന്താണ് ? – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 3
പി മധുസൂദനന്റെ “അതിന്നുമപ്പുറമെന്താണ്” എന്ന കവിതയാണ് താഴെ കൊടുക്കുന്നത്.
പൊട്ടക്കിണറിൻ കരയിൽ വളരും
പന്നൽച്ചെടിയുടെ കൊമ്പിന്മേൽ
പതുങ്ങിനിന്നൊരു പച്ചപ്പശുവിനു
പണ്ടൊരു സംശയമുണ്ടായി:
എന്നുടെലോകം ചെടിയും ചെടിയുടെ
വേരും തണ്ടും തളിരിലയും
അതിന്റെ രുചിയും ഗന്ധവും; എന്നാ-
ലതിനുമപ്പുറമെന്താണ്?
പൊട്ടക്കിണറിലൊളിച്ചു വസിക്കും
തവള പറഞ്ഞു മറുപടിയായ്;
എന്നുടെ ലോകം കിണറും കിണറിലെ
മീനും പായൽക്കാടുകളും
ഇടവപ്പാതി പിറന്നാൽ പിന്നെ-
ക്കോരിച്ചൊരിയും പെരുമഴയും
ഒളിച്ചിരിക്കാൻ മാളവും എന്നാ-
ലതിന്നുമപ്പുറമെന്താണ്?
ചെത്തിക്കാടിൻ നടുവിൽ നിന്നൊരു
ചിത്രപതംഗം പറയുന്നു
എന്നുടെ ലോകം ചെത്തിക്കാടും
കണ്ണാന്തളിയും കൈത്തോടും
മലർന്ന പൂവിന്നിതളുകൾ പേറും
മണവും മധുവും പൂമ്പൊടിയും
അതിന്റെ വർണ്ണ തരംഗവുമെന്നാ-
ലതിന്നുമപ്പുറമെന്താണ്?
കുന്നിനുമുകളിൽ കൂടും കൂട്ടി-
കഴിഞ്ഞു കൂടും പൂങ്കുരുവി
പറന്നു വന്നു ചിലച്ചും കൊണ്ടതി
നുത്തരമിങ്ങനെ നൽകുന്നു.
അതിന്നുമപ്പുറമുണ്ടൊരു പുഴയും
പച്ചപ്പാടവുമലകടലും
അലറിത്തുള്ളും തിരകളുമെന്നാ
ലതിന്നുമപ്പുറമെന്താണ്?
അതിന്റെ മറുപടി നൽകാനെത്തിയ
മനുഷ്യനിങ്ങനെ മൊഴിയുന്നു
അതിന്നുമപ്പുറമെന്താണെന്നോ?
-അലഞ്ഞു നീങ്ങും മേഘങ്ങൾ
അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-
ക്കുമ്പിളു കൂട്ടും പൂമാനം
സൂര്യൻ, താരകൾ,ക്ഷീരപഥങ്ങൾ
നക്ഷത്രാന്തര പടലങ്ങൾ
അതിന്നപാരവിദൂരത; യെന്നാ
ലതിന്നുമപ്പുറമെന്താണ്?
കാറ്റല കടലല ഏറ്റു വിളിപ്പൂ
അതിന്നുമപ്പുറമെന്താണ്?
അതിന്നുമപ്പുറ, മതിന്നപ്പുറ
മതിന്നുമപ്പുറമെന്താണ്?
ഈ കവിത നിങ്ങൾ പുറത്തിറക്കുന്ന ഒരു കൈയ്യെഴുത്തു മാസികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
അനുയോജ്യമായ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് A4 പേപ്പറിൽ മനോഹരമായിട്ട് ലേ ഔട്ട് ചെയ്യണം.