കണ്ണീർപ്പാടം -വൈലോപ്പിള്ളി

Published by eduksspadmin on

(1)”ബസ്സുവന്നുപോയ്, ദൂരാ-

ലിരമ്പം കേൾപ്പൂ വേഷം

വിസ്തരിച്ചതു പോരും,

അമ്പലത്തിലേക്കല്ലേ?”

പിന്നെയും ചന്തം ചാർത്തി-

ത്തങ്ങി നീ ഭദ്രേ, ബസ്സു

വന്നു, പോയ്, സവിഷാദം

നിന്നു നാമാലിൻ‌ചോട്ടിൽ.

സ്റ്റാൻഡിലെത്തണം വണ്ടി

കിട്ടുവാനിനി, ദൂരം

താണ്ടണമങ്ങോട്ടേക്കു

നാഴിക രണ്ടോ മൂന്നോ.

വഴി ലാഭിക്കാം പാടം

മുറിച്ചാ,ലെന്നോതി നീ

വരിഷപ്പാടം? ഞാനു-

മർദ്ധസമ്മതം മൂളി.

കുരുന്നുഞാറിൻ പച്ച-

ത്തലപ്പും, വരമ്പിന്റെ

ഞരമ്പുമല്ലാതെല്ലാ-

മാണ്ടു നിൽക്കുന്നു നീറ്റിൽ

ശ്വേതമായൊരു, കൊറ്റി-

ച്ചിറകും ചലിപ്പീലാ

കൈതകൾ കഴുത്തോളം

വെള്ളത്തിൽ നിൽപ്പൂ ദൂരെ

(2)കാർത്തിരക്കേറും വാനം

പല പോത്തിനെച്ചേർത്തു

പൂട്ടിന ചളിപ്പാടം-

പോലെയുണ്ടുഷച്ചോപ്പിൽ.

“വഴുക്കുന്നുണ്ടേ,” “നല്ല

താ വരമ്പാ” ണെന്നൊക്കെ

മയത്തിലതുമിതും

ദാക്ഷിണ്യം പറഞ്ഞാലും

ആ വഴിയൂടെ നീങ്ങീ

മുന്നോട്ടു മന്ദം നമ്മ-

ളാവതും മിണ്ടാതെ;യാ

മൗനത്തിന്നടിത്തട്ടിൽ

തമ്മിലത്രമേലിഷ്ട-

മാകിലും,സ്നേഹസ്വാർത്ഥ-

ജ്യംഭിതങ്ങളാൽ, പരി-

ഭവത്താ,ലസൂയയാൽ

കാറുമൂടിയ കണ്ണീർ

പ്പാടത്തു മുന്നോട്ടേക്കു,

കാലിടറവേ, നീങ്ങും

മുഗ്ദ്ധമാം രണ്ടാത്മാക്കൾ

മുട്ടി മാഴ്കീടും നാദ-

മകലത്തെങ്ങോ കഴ

പൊട്ടിയ വെള്ളക്കുത്തിൻ

മുഴക്കം പോലേ കേൾപ്പൂ!

(3)ചെള്ളയിൽ കാൽതെറ്റിയും,

കുടയേക്കൂസാതാർത്തു

തള്ളിന മഴയേറ്റും,

നാം പോകെ, യാലോചിച്ചേൻ

പോയ മഞ്ഞുകാലത്തി,-

ലിന്നു മിക്കതും മുൾക്കാ-

ടായ ദാമ്പത്യത്തിൻറ

പനിനീർപൂന്തോട്ടത്തിൽ

വിടർന്ന പുഷ്പങ്ങളു-

മായി,നാ,മേറ്റം പ്രിയം

പെടുന്ന ദുർഗ്ഗാക്ഷേത്രം

ദർശിച്ചു മടങ്ങവേ

എട്ടുകാലികളുടെ

മഞ്ഞുനീരണിവല-

ക്കെട്ടുകളുഷസ്സിൻറ

മുത്തുകട്ടകൾപോലെ

ചെരിഞ്ഞും ചാഞ്ഞും നെല്ലിൽ

മിന്നവേ, തെളിഞ്ഞൊരീ

വരമ്പിലൂടെ മുന്നോ-

ട്ടാഞ്ഞു ഞാനാഹ്ലാദത്താൽ

ഒപ്പമെത്തുവാൻ കേണാൾ

നീ പൃഥുനിതംബിനി,

ഇപ്പോഴോ ഞാൻ പിന്നിലായ്

ദുഃഖഭാരത്താൽ മാത്രം.

 

(4)സാരി നീ ചെരിച്ചേറ്റി-

പ്പോകെ, നിൻമൃദുരോമ

ചാരുവാം കണങ്കാൽ ക-

ണ്ടെനിക്കു പാവം തോന്നി.

പൂവിരിനടക്കാവു

വിട്ടു ഹാ പുണ്യവ്രതേ

നീ വരിച്ചല്ലോ ചളി-

ക്കുഴമ്പുവരമ്പുകൾ!

കണ്ടു നാം വരമ്പായ

വരമ്പിൻ ദ്വാരംതോറും

ഞണ്ടുകൾ വരിഷത്തെ

സ്വാഗതം ചെയ്തേ നിൽപ്പൂ

ഇറുക്കീലവ നമ്മെ,

നേഹവൈകൃതാൽ തമ്മിൽ

പരിക്കേറ്റിന ദയ-

നീയരെന്നോർത്തിട്ടാവാം.

നേരമേഴരയായീ

പാടത്തിൻ പടിഞ്ഞാറെ-

ത്തീരമപ്പൊഴും ദൂരെ, –

ദുഷ്പ്രാപം, നിലകൊൾവൂ

ആ മട്ടു നടന്നു നാം,

പണ്ടു ഞാൻ വയലിന്റെ

സീമന്തമായ് വർണ്ണിച്ച

കൈത്തോട്ടിൻ തടംപൂകി.

(5)പാലമായൊരു മര-

പ്പലക, ജലത്തിന്റെ

ലീലയാലെങ്ങോ വലി-

ച്ചെറിയപ്പെട്ടിട്ടുണ്ടാം!

നീ തടഞ്ഞാലും “കഷ്ടി

ഇതിലേ കടക്കാമെ”-

ന്നോതി ഞാൻ തോട്ടിൽ കാലാ-

ലാഴം കണ്ടിറങ്ങവേ,

നൂറുനൂറിഴ കൂട്ടി-

പിരിച്ച കയർപോലാ

നീരൊഴുക്കെന്നെച്ചുറ്റി-

പ്പിടിച്ചു മറിക്കവേ,

വിതുമ്പിത്തുളുമ്പും നിൻ

മിഴിയിൽ കണ്ടേൻ ക്രൂര-

മൃതിയെ ദ്രവിപ്പിക്കും

സ്നേഹത്തിന്നഗാധത!

ഒരുമാതിരി തീരം

പറ്റി ഞാൻ, വെള്ളത്തിൻറ

പരിഹാസമെൻ മുണ്ടിൽ

കണ്ടു, കുപ്പായത്തിലും.

ചിരിച്ചു വ്യഥയിൽ നാം,

എല്ലാം കണ്ടതാ തെക്കേ

ത്തുരുത്തിലൊരു കൊച്ചൻ

കല്ലുപോലിരിക്കുന്നു.

(6)എത്ര നിർവികാരമി-

പ്പുതുതാം തലമുറ!

ഇത്തിരി ദൂരം മാറി-

നിന്നു നാമീറൻ മാറ്റാൻ.

ഉണ്ടു നിൻ തോൽസഞ്ചിയിൽ

കുളിച്ചു തൊഴാൻ വെച്ച

മുണ്ട്, ഞാനീറൻ നീക്കി,

മനസ്സിൻ വൈക്ലബ്യവും

“മടങ്ങിപ്പോകാം വീട്ടി”-

ലെന്നു നാം പറഞ്ഞാലും

തുടങ്ങിവെച്ചാൽ പിന്നെ,

ത്തോലി സമ്മതിച്ചാലോ?

തൊഴുവാൻ പറ്റാഞ്ഞാലോ?

ഞാനോർത്തു വേളിക്കു മു-

മ്പൊരുനാൾ ചോദിച്ചു നീ,

“യാസ്തികനല്ലേ താങ്കൾ?”

അല്ലെന്നുമാണെന്നും ഞാ-

നൊഴിഞ്ഞൻ, പിന്നീടെന്നെ

മെല്ലെന്നു പൂകിച്ചു നീ

നിൻ പ്രിയ ദുർഗ്ഗാലയം

ആറുമൈൽ ദൂരെ,ത്തെങ്ങിൻ

നിരയ്ക്കു വടക്കു നീ-

രാടുമാനകൾ പോലാം

പാറകൾക്കങ്ങേപ്പുറം

 

(7)സ്വരലോലയാം ചോല

മൂന്നു ഭാഗത്തും, വൃദ്ധ-

നരയാൽ നടയ്ക്കലും;

ചൂഴവും വാഴത്തോപ്പും,

ശുകരമ്യമാം പുഞ്ച-

പ്പാടവും, നീരാവിയാൽ

പുകയും നീലക്കുന്നിൻ

നിരയും ചേർന്നാ ക്ഷേത്രം

പ്രണയാലിണയൊത്തു

ചെന്നെത്തുമെനിക്കേകീ

പ്രകൃതീശ്വരിയുടെ

തീർത്ഥവും പ്രസാദവും.

ദുർഗ്ഗതിയിലും ശാന്തി

നമുക്കു നല്കിപ്പോന്ന

ദുർഗ്ഗ,യാവനകൂല-

ഗ്രാമദേവത,യിപ്പാൾ

കാലവർഷത്തിൽ, സ്വയം

മർത്ത്യനു കേറാൻവെച്ച

പാലവും മുക്കിക്കാറ്റിൽ

കരിംകാർമുടിചിന്നി

ജരഠനരയാലും

ഞെട്ടവേ, കുന്നിൻചോല-

ക്കുരുതി കുടിച്ചുനി-

ന്നലറിയാടുന്നുണ്ടാം,

(8)തൊട്ടടുത്താക്കുന്നുകൾ

നീറിടും പച്ചക്കൊള്ളി-

പ്പട്ടടകളെപ്പോലെ

നിഭൃതം പുകയവേ!

തങ്ങളിൽ മനം കറു-

ത്തങ്ങു നാം വീണ്ടും ചെന്നാലെങ്ങനെ ശരിപ്പെടാ?-

നെങ്കിലും പോയേ പറ്റൂ.

പോയി നാം വീണ്ടും നേർത്ത

വരമ്പിലൂടേ, ജീവാ-

പായിയാം കൈത്തോടിൻറ

കൃശമാം കണ്ഠംനോക്കി.

അക്കഴ ലംഘിച്ചു ഞാൻ

ചാടിനേനെന്നാലെന്താ?-

ണപ്പുറം വയലില്ല,

വരമ്പില്ലെ,ങ്ങും വെള്ളം!

ചാടുവാൻ പോലും വയ്യാ

നിനക്കു, ചുഴികുത്തും

തോടു ഞാൻ വീണ്ടും താണ്ടി

ബ്ഭീരു, നിന്നടുത്തെത്തി.

അപ്പൊഴും കാണാം തെക്കേ-

ത്തുരുത്തിൽ കരിങ്കല്ലി-

ന്നൊപ്പമാക്കൊച്ചൻ നമ്മെ

നോക്കിക്കൊണ്ടിരിക്കുന്നു!

(9)എന്തൊരു ലോകം! നമ്മൾ

തിരിയേ നട,ന്നീറൻ

മുണ്ടു മാറിയ ദിക്കിൽ

മുന്നേപ്പോൽ നിലവായി.

ചുരുങ്ങീ മഴയെല്ലാം

ചൊല്ലിനേ”നാകാശത്തിൻ

ചുളിഞ്ഞ പുരികംപോ-

ലുള്ളാരാ മേഘം നോക്കൂ.”

മോളിലേക്കലസമായ്-

ക്കണ്ണുയർത്തി നീയൊന്നു

മൂളി,യെന്നസന്ദർഭ

കവിചാപലം കേൾക്കെ.

നിന്ദയുണ്ടാ മൂളലിൽ,

എങ്ങനെ രഞ്ജിക്കാനാ-

ണെന്നുടെ സങ്കല്പവും

നിന്നുടെ യാഥാർത്ഥ്യവും?

മനസ്സാൽ മന്ത്രിച്ചു നീ-

യിപ്പൊഴും, “മനസ്സില്ലാ-

മനസ്സായ് തൊഴാൻ പോന്നാ-

ലിങ്ങനെയത്രേ ഫലം’

എന്മനം നിവേദിപ്പൂ,

“ബസ്സു തെറ്റിച്ചു നീയെ-

ന്നമ്പലപ്രാവേ, പാടം

നമുക്കു തീർത്ഥസ്ഥാനം!”

 

(10)“നാസ്തികനല്ലേ താങ്കൾ?”

“നാലല്ലേ തവ വേദം,

ക്ഷേത്രദർശനം, ജ്യോത്സ്യം,

ഹിന്ദിയുമുറക്കവും?”

(നാടന്മാർക്കത്രേ ഗൃഹ-

ച്ഛിദ്രത്തിൽ വാഗാടോപം

നാഗരികർക്കോ മൂക-

ശീതസംഗരം മാത്രം!)

നിയമം നിറവേറ്റ-

ലെത്ര, യിദ്ദാമ്പത്യത്തിൽ

നയമെത്രയാ, ണഭി-

നയമെത്രയാണെന്നും

കുഴിച്ചു കുഴിച്ചു നാ-

മനിഷ്ടസ്മൃതികൾത-

ന്നഴുക്കു പരതിച്ചെ-

ന്നെത്തുന്നൂ നരകത്തിൽ.

നിർദ്ദയലോകത്തിൽ നാ-

മിരുപേരൊറ്റപ്പെട്ടോർ

അത്രയുമല്ലാ തമ്മിൽ

തമ്മിലുമൊറ്റപ്പെട്ടോർ.

പിറക്കാതിരുന്നെങ്കിൽ-

പാരിൽ, നാം സ്നേഹിക്കുവാൻ,

വെറുക്കാൻ, തമ്മിൽക്കണ്ടു-

മുട്ടാതെയിരുന്നെങ്കിൽ!

(11)കണ്ടു നാം കിഴക്കുനി-

ന്നെത്തുന്നതന്നേരത്തു

രണ്ടുപേർ, സാധാരണ-

ഗ്രാമീണമിഥുനങ്ങൾ.

പ്രായമായെന്നാകിലും

പ്രയത്നദാർഢ്യം കാട്ടും

സ്വീയമാം നടത്തത്താൽ

മാത്രയിലടുത്തെത്തി

അവരാത്തോട്ടിൻ കുപ്പി-

ക്കഴുത്തു ചാടിക്കട-

ന്നപരതടത്തിങ്ക-

ലണഞ്ഞാരനായാസം.

ത്രാണിയിൽ ചാടിക്കട-

ന്നപ്പുമാൻ പെണ്ണാളുടെ

പാണിയെ ഗ്രഹിച്ചാഞ്ഞു

കടത്തീതവളെയും.

അസ്തശങ്കമായ്, സ്വാഭാ-

വികമായ് സ്നേഹമാ-

യത്രയുമനാർഭാട-

മായവരതു ചെയ്തു!

മഗ്നമാം വരമ്പൂടെ

കാൽ പതിച്ചഥ പോയാർ

സത്വരം ജലോപരി

നടക്കുന്നതുപോലെ*

(12)

അങ്ങനെ ചെയ്തു നാമും,

അക്കിടങ്ങാദ്യം ചാടി,

നിൻകരം ഗ്രഹിച്ചു ഞാൻ

കടത്തീ നിന്നെ ശ്രമാൽ.

ഗഗനത്തിലെ മേഘ-

ച്ചിറയിപ്പൊഴേ പൊട്ടി-

ഗ്ഗതികെട്ടിനിയും നാം

തിരിയുമെന്നോർത്താലും.

ഒന്നുമുണ്ടായീ, ലതു

പെയ്തീലാ, ദൈവത്തിനു

നന്ദി,യാമുങ്ങിത്താണ

വരമ്പിൽ കാൽവെച്ചു നാം.

വിരുതിൽ പോയി കണ്ണീ-

രാണ്ട ജീവിതത്തിൻറ

വിഷമപദപ്രശ്ന-

മെന്തെളുപ്പമായെന്നോ!

നെടുതാം വരമ്പത്തി

നമ്മൾ മുന്നേറും നേരം

ഒടുവാക്കാർമേഘത്തി-

ന്നിമ്പാച്ചി മുഖഭാവം

മഴയായ്, ചിരിയായി,-

ച്ചാലിട്ടു നൂറായിരം

വഴിയായ് പായും നീറ്റിൻ

കളഗാനമായ് മാറി

 

(14)ഒലിപൂണ്ടിതാഗ്ഗാനം

നമ്മുടെ ചേതസ്സിലും

കുളിർതെന്നലിൽ പാറീ

കൈതപ്പൂംപരിമളം.

എങ്ങുപോ, യുദാത്തനാ

ഗ്രാമീണൻ? താനേ തങ്ങും

തൻ കുടുംബിനിയെ നീ

കുടചൂടിച്ചേ പോകെ,

പാർത്തു പിൻതുടരും ഞാൻ

പ്രേമാഭിമാനപ്പുതു

ദീപ്തിയാൽ മഴവില്ലു-

തീർത്തു നിങ്ങടെ ചുറ്റും

(15)അപ്പൊഴുണ്ടതാ നേർത്തേ

കുളിച്ചു കുറിയിട്ടു

ശുഭവസ്ത്രവും ചാർത്തി

“കാപ്യമറേ”ത്തിൻ ശേഷം

മഴതൻ കൃഷിപ്പണി

നോക്കുവാൻ തെക്കേത്തീര-

ത്തെഴുന്നള്ളി നില്ക്കുന്നൂ

നമ്മുടെ തിരുമേനി.

മാപ്പു നൽകി നാമദ്ദേ-

ഹത്തിനും, പിന്നെച്ചെന്നു

കൂപ്പി നാം സ്മിതഛിന്ന-

ദുഃഖയെ,യാ ദുർഗ്ഗയെ.

Categories: News