ഹൈസ്കൂൾ പ്രവർത്തനം 4 – നക്ഷത്രക്കളി

Published by eduksspadmin on

ഇതൊരു നക്ഷത്രക്കളിയാണ്. ചിത്രത്തിലേതു പോലെ 5 മുനകളുള്ള ഒരു നക്ഷത്രം വരക്കുക. ഈ നക്ഷത്രത്തിലെ വരകൾ കൂട്ടിമുട്ടുന്ന  എല്ലായിടത്തും ഓരോ കല്ലുകൾ വയ്ക്കുക. ഇനി പറയുന്ന നിബന്ധനകൾക്ക് വിധേയമായി കല്ലുകൾ എടുത്ത് മാറ്റാവുന്നതാണ്. അവസാനം ഒരു കല്ല് മാത്രമേ അവശേഷിക്കാവൂ. നിബന്ധനകൾ ഇവയാണ്.

  1. ഏതെങ്കിലും ഒരു കല്ലിൽ തൊട്ട് ഒന്ന്, തൊട്ടടുത്തതിൽ തൊട്ട് രണ്ട്, അതിന്റെ അടുത്തതിൽ മൂന്ന്, എന്ന് എണ്ണാം. പക്ഷെ ഇത് മൂന്നും നേർരേഖയിൽ ആയിരിക്കണം.
  2. മൂന്ന് എന്ന് എണ്ണുന്ന കല്ല് എടുത്ത് മാറ്റാം.
  3. എണ്ണുമ്പോൾ ഒന്ന് എന്നും മൂന്ന് എന്നും എണ്ണുന്നിടത്ത് കല്ല് ഉണ്ടായിരിക്കണം.
  4. രണ്ട് എന്ന് എണ്ണുന്നിടത്ത്‌ കല്ല് ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ആവാം.

അവസാനം ഒരു കല്ല് മാത്രമേ അവശേഷിക്കാൻ പാടുള്ളു. 

ഇത് കണ്ടപ്പോൾ ഞാൻ ഇപ്പോൾ തന്നെ ചെയ്തു കളയാം എന്ന് കരുതി നക്ഷത്രവും വരച്ച് കല്ലുമായി ഇരുന്നു. ആദ്യം നോക്കിയപ്പോൾ 3 എണ്ണം ബാക്കിയായി. പിന്നെ നോക്കിയപ്പോഴും മൂന്നെണ്ണം തന്നെ ബാക്കിയായി. അവസാനം 2 എണ്ണത്തിൽ എത്തി. എന്നിട്ടും ഒന്നായില്ല. ഞാൻ വിചാരിച്ചു. ഇങ്ങനെ വെറുതേ തോന്നുന്നതിൽ തൊട്ട് എണ്ണി ഏതെങ്കിലും ഒക്കെ പെറുക്കി കളഞ്ഞാൽ പറ്റില്ല. ചിന്തിക്കുന്നതിന് ഒരടുക്കും ചിട്ടയും ഒക്കെ വേണം. നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും എന്ന് ഉറപ്പാണ്. 

 

നിങ്ങൾ എങ്ങനെയായിരിക്കും ചിന്തിക്കുക? നിങ്ങളുടെ ചിന്ത ഒരു കുറിപ്പായി എഴുതൂ. അത് സൂക്ഷിച്ച് വക്കൂ.