ഹൈസ്കൂൾ പ്രവർത്തനം 1 – രക്ഷിക്കാം ഭൂമിയെ, നമ്മളേയും

Published by eduksspadmin onകാലാവസ്ഥാ വ്യതിയാനം, ആഗോള താപനം ഈ രണ്ട് വാക്കുകൾ ഇന്ന് ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിച്ചു കൊണ്ടിരിക്കുകയാണല്ലോ. അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലിന്റെ കണക്കാണ് കാർബൺ പാദമുദ്ര.  

ശാസ്ത്ര കേരളത്തിൻ്റെ 2020 മെയ്, ജുൺ, ജൂലൈ സംയുക്ത ലക്കത്തിൽ “മനുഷ്യന്റെ കാർബൺ പാദമുദ്രകൾ ” എന്നൊരു ലേഖനം ഉണ്ട്. ഈ ലേഖനം നിങ്ങൾ വായിച്ചുവോ? കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളി പാദമുദ്ര പതിപ്പിക്കുന്നതിൽ നമ്മുടെ പങ്കെന്താണ്? ഒന്നാലോചിച്ച് നോക്കൂ. രാവിലെ എണീറ്റ് ഒന്നു കുളിക്കുമ്പോൾ നമ്മൾ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് കൂട്ടാൻ കാരണക്കാരാകുന്നുണ്ടോ? സോപ്പിന്റെ നിർമ്മാണ പ്രക്രിയയിൽ കാർബൺ ഡൈഓക്സൈഡും  ഹരിതഗൃഹ വാതകങ്ങളും പുറത്തു വിട്ടിട്ടുണ്ടാവുമല്ലോ? അല്ലേ? സോപ്പ് ഉണ്ടാക്കാനാവശ്യമായ വസ്തുക്കൾ എവിടെ നിന്നൊക്കെയായിരിക്കും കൊണ്ടുവന്നിരിക്കുക? ഇങ്ങനെയെല്ലാം ചിന്തിച്ചാൽ പരോക്ഷമായി നമ്മൾ കാർബൺ ഉത്സർജനത്തിൽ ധാരാളമായി പങ്കാളിയാകുന്നുണ്ട് എന്ന് കാണാം.  ഇതൊക്കെ സാധാരണ കാര്യമല്ലേ? അതു കുറക്കാൻ നമുക്ക് കഴിയില്ലല്ലോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.  എന്നാൽ ഒന്നാലോചിച്ചു നോക്കൂ. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിലോ? കാർബൺ പാദമുദ്ര കുറയില്ലേ?  സോപ്പും പച്ചക്കറികളും പഴങ്ങളും മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന ഓരോ വസ്തുവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവ ആണെങ്കിൽ അത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ  കൂടി ശക്തിപ്പെടുത്തില്ലേ?

ഇന്നലെ രാവിലെ എഴുന്നേറ്റതു മുതൽ ഉറങ്ങിയതു വരെ നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങളുടെ കാർബൺ പാദമുദ്ര കണ്ടെത്താൻ പ്രത്യക്ഷമായും പരോക്ഷമായും എന്തൊക്കെയാണ് പരിഗണിക്കേണ്ടത് എന്ന് ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചാലോ? ഇന്നലെ നിങ്ങൾ ചെയ്ത ഓരോ പ്രവർത്തനം ലിസ്റ്റ് ചെയ്യുമ്പോഴും അതോടൊപ്പം പ്രത്യക്ഷമായും പരോക്ഷമായും അവ കാർബൺ പാദമുദ്രയെ എങ്ങനെ ബാധിക്കുന്നു എന്ന് കുറിക്കുക കൂടി ചെയ്യണേ. ഓരോ പ്രവർത്തനത്തിലും എന്ത് മാറ്റം വരുത്തിയാലാണ്  കാർബൺ പാദമുദ്ര കുറയുക എന്ന് കൂടി സൂചിപ്പിക്കണം. ഈ മാറ്റങ്ങളിൽ സ്വയം ചെയ്യാൻ കഴിയുന്നവ, കൂട്ടായി ചെയ്യേണ്ടവ, നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്തവ എന്നിവ പ്രത്യേകമായി തരംതിരിച്ച് എഴുതുക കൂടി ചെയ്യണം. നിങ്ങളുടെ കുറിപ്പ് വിലയിരുത്തലിനായി സൂക്ഷിച്ച് വക്കുക.

 

 

നിങ്ങളുടെ കുറിപ്പ് വിലയിരുത്തലിനായി സൂക്ഷിച്ച് വെക്കുക.