ഹയർസെക്കണ്ടറി – പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ 

Published by eduksspadmin on

പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ 


2020 ഡിസംബർ 21 ന് രസകരമായ ഒരു സംഭവം നടക്കുകയാണ്. സൗരയൂഥത്തിലെ വൻഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് വളരെ അടുത്തടുത്തായി അന്ന് കാണപ്പെടും. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അത് മനോഹരമായ ഒരു കാഴ്ചയായിരിക്കും. നിങ്ങളവ കാണാന്‍ ശ്രമിക്കുമല്ലോ. വിശദാംശങ്ങളറിയാൻ ലൂക്ക നോക്കുക. (ഡിസംബർ 21ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം)

1610 ജനുവരി 7 ന് വ്യാഴത്തെ നിരീക്ഷിച്ചതിനുശേഷം ഗലീലിയോ വരച്ച ചിത്രമാണിത്. 1610 ജനുവരി 8 നും ജനുവരി 10 നും നിരീക്ഷിച്ചതിന് ശേഷം വരച്ച ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ വ്യാഴത്തിന്റെ അടുത്ത് 3 ഉപഗ്രഹങ്ങളെ മാത്രമേ ഗലീലിയോ കണ്ടിരുന്നുള്ളു. തുടർന്നുള്ള ദിവസങ്ങളിലെ നിരീക്ഷണങ്ങളിൽ നാലാമത്തെ ഉപഗ്രഹത്തേയും ഗലീലിയോ കാണുന്നുണ്ട്.

സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാൽ ഈ ദിവസങ്ങളിലെ ആകാശക്കാഴ്ച്ച നമുക്ക് കാണാൻ കഴിയും. 16l0 ജനുവരി 7 ,8, 10 എന്നീ ദിവസങ്ങളിൽ സ്റ്റെല്ലേറിയത്തിലൂടെ വ്യാഴത്തേയും അതിന്റെ ഉപഗ്രഹങ്ങളേയും ഒന്നു കണ്ടു നോക്കൂ (സ്റ്റെല്ലേറിയത്തിൽ date&time എന്ന വിൻഡോയിൽ തിയ്യതി അടിച്ചു കൊടുക്കുക. Search വിൻഡോയിൽ Jupiter എന്ന് അടിച്ചു കൊടുക്കുമ്പോൾ വ്യാഴത്തെ കാണാനാകും. ഉപഗ്രഹങ്ങളെ കാണണമെങ്കിൽ zoom ചെയ്യണം.)

ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതാണ്.

വ്യാഴത്തിന്റെയും ഉപഗ്രഹങ്ങളുടേയും ഗലീലിയോ വരച്ച ചിത്രങ്ങളും സ്റ്റെല്ലേറിയത്തിൽ കണ്ട കാഴ്ചയും തമ്മിൽ ഒന്ന് താരതമ്യം ചെയ്യൂ. വ്യാഴത്തിന്റെ അടുത്ത് നക്ഷത്രങ്ങളെ പോലെ കണ്ട വസ്തുക്കൾ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണ് എന്ന് പറയാനുള്ള യുക്തി എന്തൊക്കെയാണ്?

1610, 1612, 1616 എന്നീ വർഷങ്ങളിൽ ഗലീലിയോ തന്റെ ടെലസ്കോപ്പിലൂടെ ശനിയെ നിരീക്ഷിച്ചു. 1610 ൽ ശനിക്ക് രണ്ട് ചെവികൾ ഉള്ളതായി തോന്നുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 1612 ൽ ആ ചെവികൾ കാണാനില്ല, അത് എന്ത് കൊണ്ടാണെന്നറിയില്ല എന്ന് ഗലീലിയോ കുറിച്ചിട്ടു. 1616 ആയപ്പോൾ ശനിയോടൊപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള രണ്ട് ചങ്ങാതിമാർ എന്നാണ് അവയെ വിശേഷിപ്പിച്ചത്.

നമുക്ക് സ്റ്റെല്ലേറിയം ഉപയോഗിച്ച് 1610 , 1612, 1616 എന്നീ വർഷങ്ങളിൽ ജൂലൈ 1 ന് ശനിയെ ഒന്ന് കണ്ടു നോക്കാം. ഗലീലിയോയുടെ കുറിപ്പുകളും നിങ്ങളുടെ സ്റ്റെല്ലേറിയത്തിലെ കാഴ്ചകളും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഗലീലിയോയുടെ ചിന്തകൾ എങ്ങനെ രൂപപ്പെട്ടു എന്ന് എഴുതി നോക്കൂ.

ഇനി ഡിസംബർ 15നും 30 നും ഇടയിലുള്ള 5 ദിവസം ആകാശത്ത് വ്യാഴത്തേയും ശനിയേയും നിരീക്ഷിക്കുക. അവ തമ്മിലുള്ള കോണീയ അകലം അളക്കാനുള്ള എന്തെങ്കിലും സൂത്രവിദ്യ കണ്ടെത്താമോ?

ലൂക്ക വായിക്കൂ. ലൂക്കയിലെ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും.