ഹയർസെക്കണ്ടറി – പ്രവർത്തനം 5 – ഒരുങ്ങാം ഒരു യാത്രയ്ക്ക്

Published by eduksspadmin on

പ്രവർത്തനം 5 – ഒരുങ്ങാം ഒരു യാത്രയ്ക്ക്
2020 മാർച്ച് മാസം ശാസ്ത്രകേരളം യാത്രകളെ സംബന്ധിച്ച് പ്രാഥമിക പരിചയത്തിന് സഹായിക്കുന്ന ലക്കമാണ്.”മനുഷ്യന്റെ ആദ്യത്തെ അതിദീർഘയാത്ര” ഒന്ന് പുനരാവിഷ്കരിക്കാൻ പോൾ സലോ പെക് എന്ന അമേരിക്കൻ പത്രപ്രവർത്തകൻ വടക്കുപടിഞ്ഞാറേ ആഫ്രിക്കയിൽ നിന്നു തുടങ്ങി തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള മുനമ്പു വരെ നടത്തിയ യാത്രയെ വിശദീകരിക്കുന്ന ലേഖനം മുതൽ ‘പഠനയാത്രയാകേണ്ട യാത്രകൾ ‘ വരെ വൈവിധ്യമാർന്ന ലേഖനങ്ങൾ ശാസ്ത്ര കേരളത്തിലുണ്ട്.

പഴയ കാലയാത്രകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ കാലത്തെ യാത്രകൾ. കൃത്യമായ ആസൂത്രണവും മുന്നൊരുക്കവുമാണ് ഇന്നത്തെ യാത്രകളുടെ പ്രത്യേകത. നമുക്കൊരു യാത്ര ആസൂത്രണം ചെയ്താലോ? കോവിഡ് കാലമൊക്കെ കഴിഞ്ഞ് സ്കൂളുകൾ സാധാരണ നിലയിലായി എന്ന് കരുതുക. നിങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു പഠനയാത്ര സംഘടിപ്പിക്കുന്നു. ഒരു അഖിലേന്ത്യാ യാത്രയാണ് സംഘടിപ്പിക്കുന്നത്. യാത്രയുടെ ചുമതല നിങ്ങൾക്കാണ്. 10 ദിവസത്തെ യാത്ര. ഭംഗിയായും ചിട്ടയായും സംഘടിപ്പിക്കണം. സന്ദർശിക്കേണ്ട സ്ഥലങ്ങൾ, യാത്രാമാർഗ്ഗം, താമസം, ഭക്ഷണം, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.  യാത്രാസംഘത്തിലുള്ളവർക്ക് സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറുവിവരണം നൽകണം. ദീർഘയാത്രയായതിനാൽ യാത്രയ്ക്കിടയിൽ നടത്താവുന്ന കളികൾ, പ്രവർത്തനങ്ങൾ എന്നിവയും വേണം. കൃത്യമായ ചുമതലാ വിഭജനം യാത്രയുടെ സംഘാടനം സുഗമമാക്കും. വിശദമായ ഒരു ആസൂത്രണ രേഖ തയ്യാറാക്കൂ. തയ്യാറാക്കിയതിന് ശേഷം കൂട്ടുകാരോടും വീട്ടുകാരോടും ചർച്ച ചെയ്യൂ. ഒന്ന് കൂടി വായിച്ച് എല്ലാം കൃത്യമാണോ?  വിലയിരുത്തൂ.