5. തെർമോമീറ്റർ നിർമിക്കാം -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 5

തെർമോമീറ്റർ നിർമിക്കാം.

താപനില അളക്കാനുള്ള ഉപകരണമാണ് തെർമോമീറ്റർ. നമുക്ക് ഏറെ പരിചയം മെർക്കുറി തെർമോമീറ്ററാണ്. എന്നാൽ ചൂടു കൊണ്ടു വികസിക്കുന്നതോ (ഉദാ. ഖരം, ദ്രാവകം, വാതകം ) മറ്റു ഭൗതിക മാറ്റങ്ങൾക്കു വിധേയമാകുന്നതോ ആയ ഏതു വസ്തു ഉപയോഗിച്ചും തെർമോമീറ്റർ നിർമിക്കാം. നമുക്കു ഒരു ജല തെർമോമീറ്റർ ഉണ്ടാക്കിയാലോ? നമ്മുടെ ഉപകരണം നിർമിക്കുന്ന ഘട്ടത്തിൽ അങ്കനം ചെയ്യാൻ സ്കൂൾ ലാബിൽ നിന്നോ മറ്റോ കടമെടുത്ത ഒരു മെർക്കുറി തെർമോമീറ്ററിന്റെ സഹായം വേണ്ടി വരും.

വേണ്ട വസ്തുക്കൾ :

  1. ഒരു സ്റ്റീൽ/ഗ്ലാസ്സ് വാട്ടർ ബോട്ടിൽ (പ്ലാസ്റ്റിക്ക് വേണ്ട), 
  2. ബോട്ടിൽ നന്നായി അടക്കാൻ കഴിയുന്ന ഒരു ദ്വാരമുള്ള കോർക്ക്, [ കോർക്കിന് പകരം മായ്ക്കുന്ന റബ്ബർ ഉപയോഗിച്ചും അടപ്പ് ഉണ്ടാക്കാം.]
  3. കോർക്കിലൂടെ കടത്തിവെക്കാവുന്ന ഒരു ഗ്ലാസ്സ് കുഴൽ (30 – 40 cm നീളം ), 
  4. ഒരു സ്കെച്ച്പെൻ ,
  5. വെള്ളം (വെള്ളത്തിൽ അല്പം മഷി ചേർത്ത് നിറം വരുത്താം).

കുപ്പി നിറയെ വെള്ളം എടുത്ത് കോർക്കു കൊണ്ടടച്ച്, കോർക്കിലൂടെ ഗ്ലാസ്സ് കുഴൽ കടത്തിവെക്കുക. അതിലേക്ക് കുറച്ചു ജലം കയറി നില്ക്കണം. കുപ്പി ഒരു പാത്രത്തിലെ വെള്ളത്തിൽ വെക്കുമ്പോൾ കുഴലിലെ ജല വിതാനം ജലത്തിന്റെ താപനിലയുടെ സൂചകമാണ്. പാത്രത്തിലെ വെള്ളം ചൂടാക്കുക. അല്ലെങ്കിൽ തിളച്ച വെള്ളം കുറേശ്ശെ ചേർത്തു കൊണ്ടും ആകാം. കുഴലിലെ ജലനിരപ്പ് അപ്പോൾ  ഉയരുന്നത് കാണാം. ജലത്തിന്റെ താപനില മെർക്കുറി തെർമോമീറ്റർ കൊണ്ട് അളക്കുക. ജലം നിശ്ചിത താപനിലയിൽ എത്തുമ്പോൾ  25oC, 30oC, 35oC എന്നിങ്ങനെ കുഴലിൽ അടയാളപ്പെടുത്താം. ഐസ് ചേർത്ത് തണുപ്പിച്ചും ചെയ്യാം. ഡിഗ്രി എത്ര മുതൽ എത്ര വരെ എന്നും സ്കെയിൽ എങ്ങനെ അടയാളപ്പെടുത്തുമെന്നും നിങ്ങൾ തീരുമാനിച്ചോളൂ.

കുപ്പി പുറത്തെടുത്ത് കൈകൊണ്ട് പൊത്തിപ്പിടിച്ചാൽ നിങ്ങളുടെ ശരീര താപനില അളക്കാം. വീട്ടിൽ എല്ലാവരും അങ്ങനെ ചെയ്യട്ടെ.

നിർമാണത്തിന്റെ ഘട്ടങ്ങളും പ്രശ്നങ്ങളും ജല തെർമോമീറ്ററിന്റെ പരിമിതികളും മറ്റേതെങ്കിലും ദ്രാവകം ഉപയോഗിച്ചാൽ എങ്ങനെ പരിഹരിക്കാം എന്നതുമൊക്കെ കുറിക്കൂ. ഫോട്ടോയും കുറിപ്പും മൂല്യനിർണയത്തിന് വേണ്ടി വരും.