10. സുഗന്ധം കുപ്പിയിലാക്കാം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 10
സുഗന്ധം കുപ്പിയിലാക്കാം.
പൂക്കളുടെ സുഗന്ധം ഇഷ്ടമില്ലാത്തവരാരുണ്ട്? സുഗന്ധത്തെ കുപ്പിയിലാക്കി സുഗന്ധദ്രവ്യങ്ങളായി നമുക്ക് വാങ്ങാൻ കിട്ടുമല്ലോ. പൂക്കളുടെ ഈ സുഗന്ധത്തെ നമുക്ക് വേർതിരിച്ചെടുത്താലോ?
ഈ പ്രവർത്തനത്തിൽ ഒരേ ദിവസം തന്നെ പല പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
ഇപ്പോൾ പൂക്കൾ ധാരാളമായി ഉണ്ടാകുന്ന കാലമാണല്ലോ. അതിൽ നിന്ന് നല്ല മണമുള്ള ഏതെങ്കിലും ഒരു പൂവ് തിരഞ്ഞെടുക്കുക. (റോസ്, ചെമ്പകം, പവിഴമല്ലി, കൊങ്ങിണി, ബ്രൈഡൽ ബൊക്കെ, ഗന്ധരാജൻ, നിത്യകല്യാണി, പാലപ്പൂവ്, ഇലഞ്ഞി, മുല്ല, ചെണ്ടൂമല്ലി, ജമന്തി, എന്നിവയൊക്കെയാകാം) നിങ്ങൾ തെരഞ്ഞെടുത്ത പൂവ് ഒരു ദിവസം ഒരു ഗ്ലാസ്സ് നിറയെ വേണം. പൂക്കളെയെല്ലാം ഇതളുകളാക്കി അടർത്തി വയ്ക്കുക. വളരെ വലിയ ഇതളുകൾ ആണെങ്കിൽ കൈകൊണ്ട് ചെറുതായി കീറിയിടുക. ഇനി അവയുടെ മണം എടുക്കണം.
ഇതിനു വേണ്ട സാധനങ്ങൾ
4ഇഞ്ച് x 4 ഇഞ്ച് വലിപ്പമുള്ള കാർഡ് ബോർഡ് – 6 എണ്ണം
ഡാൽഡ – 250 ഗ്രാം
അലുമിനിയം ഫോയിൽ
ട്വീസർ – (അല്ലെങ്കിൽ പ്ലക്കർ, ശ്രദ്ധാപൂർവം കൈകൊണ്ട് തൊടാതെ പൂവിതളുകൾ എടുത്ത് മാറ്റാൻ)
റബിങ്ങ് ആൽക്കഹോൾ – 500 മില്ലി
(ഘട്ടം 1)
ഒരോ കാർഡ് ബോർഡും അലുമിനിയം ഫോയൽ വച്ച് പൊതിഞ്ഞ് എടുക്കണം. ഇതിലേക്ക് കാൽ ഇഞ്ചു കനത്തിൽ ഡാൽഡ തേച്ച് പിടിപ്പിക്കുക. ( 3 ഇഞ്ച് x 3 ഇഞ്ച് ചതുതുരത്തിൽ മതി). ഈ ഡാൽഡയിലേക്ക് പൂക്കളുടെ ഇതളുകൾ നന്നായി ഒട്ടിച്ച് വയ്ക്കുക. ഇതളുകൾ ഒന്നിനു മുകളിൽ വരാതെ വേണം ഒട്ടിച്ച് വക്കാൻ. 6 കാർഡ്ബോർഡ് ചതുരങ്ങളിലും ഇങ്ങനെ ഒട്ടിക്കുക. അവയിൽ രണ്ടെണ്ണം എടുത്ത് സാൻഡ്വിച്ച് പോലെ ചേർത്ത് ഒട്ടിച്ച ശേഷം ഒരു പേപ്പറിൽ നന്നായി പൊതിഞ്ഞ് ഒഴിഞ്ഞ ഒരു സ്ഥലത്ത് വെച്ച് കനമുള്ള രണ്ട് പുസ്തകങ്ങൾ കയറ്റി വയ്ക്കുക. അടുത്ത 24 മണിക്കൂർ അതവിടെ ഇരിക്കട്ടെ. മറ്റ് നാലു കഷണം കാർഡ് ബോർഡു കൊണ്ട് ഇതുപോലത്തെ 2 സാൻഡ്വിച്ചുകൾ കൂടി ഉണ്ടാക്കി പേപ്പറിൽ പൊതിഞ്ഞ് വയ്ക്കുക. ഒരോ കാർഡ്ബോഡും ലേബൽ ചെയ്യണം. ലേബലുകളിൽ സാമ്പിൾ നമ്പരും സമയവും ദിവസവും എഴുതണം. സാൻഡ്വിച്ചുകളുടെ മുകളിലുള്ള പുസ്തകങ്ങളുടെ ഇടയിലേക്ക് ലേബൽ വച്ചാൽ മതി.
(ഘട്ടം 2)
24 മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു സാൻഡ്വിച്ച് തുറന്ന് അതിലെ അലുമിനിയം ഫോയിൽ അടർത്തി എടുക്കുക. ഒരു ട്വീസർകൊണ്ട് അതിലെ ഉണങ്ങി തുടങ്ങിയ ഇതളുകൾ എടുത്ത് മാറ്റുക. ഡാൽഡ ഒരു കത്തി കൊണ്ടോ സ്പൂൺ കൊണ്ടോ പൂർണ്ണമായും ചുരണ്ടിയെടുത്ത് ഒരു ചെറിയ സ്റ്റീൽ ഡവറയിൽ ( ഏകദേശം 10 സെ.മീ വ്യാസമുള്ള) ഇടുക. ഇതിനെ ഇനി ഉരുക്കിയെടുക്കണം. ഉരുക്കാൻ ഡബിൾ ബോയിൽ എന്ന സങ്കേതമാണ് ഉപയോഗിക്കുക. ഒരു പാത്രത്തിലെ വെള്ളത്തിൽ മറ്റൊരു പാത്രം വച്ച് ഉരുക്കിയെടുക്കുന്നതാണിത്. ഇതിനായി നമ്മുടെ ഡവറ മറ്റൊരു വലിയ പാത്രത്തിലെ വെള്ളത്തിൽ വച്ച് അടുപ്പിൽ വയ്ക്കുക. വെള്ളം ചൂടായി വരുമ്പോൾ ഡവറയിലെ ഡാൽഡ പതിയെ ഉരുകാൻ തുടങ്ങും. വല്ലാതെ ചൂടാകാതെയും തിളക്കാതെയും ഡാൽഡ ഉരുക്കിയെടുത്ത ശേഷം ഡവറ പുറത്തേക്ക് എടുത്ത് ഡാൾഡയ്ക്ക് തുല്യ അളവിൽ റബിങ്ങ് ആൽക്കഹോൾ ചേർത്ത് ഒരു സ്പൂൺകൊണ്ട് നന്നായി ഇളക്കുക. ഒന്നു തണുക്കട്ടെ. തണുത്ത ശേഷം ഈ മിശ്രിതം ഒരു കുപ്പിയിൽ ആക്കി ലേബൽ ചെയ്യുക. ലേബലിൽ സാമ്പിൾ നമ്പർ ഒന്ന് എന്ന് ഇടുക. പൂവിതളുകൾ ഡാൽഡയിൽ ഇരുന്ന സമയവും ദിവസവും ലേബലിൽ രേഖപ്പെടുത്തണം. ഇനി കുപ്പി ഒരു ഇരുണ്ട സ്ഥലത്തേക്ക് മാറ്റി വയ്ക്കാം.
(ഘട്ടം 3)
ഡാൽഡ ചുരണ്ടിയെടുത്ത അലുമിനിയം ഫോയൽ കളഞ്ഞ ശേഷം പുതിയ അലുമിനിയം ഫോയൽ കൊണ്ട് കാർഡ്ബോർഡ് പൊതിയുക.
ശേഷം ഒന്നാം ഘട്ടത്തിൽ ചെയ്തതുപോലെ ഡാൽഡാ തേച്ച് ഇതളുകൾ ഒട്ടിച്ച് സാൻഡ്വിച്ചുകൾ ആക്കുക. നേരത്തേ ചെയ്തതു പോലെ ലേബൽ ചെയ്യണം. ലേബലിൽ സാമ്പിൾ നമ്പർ 4 എന്ന് ചേർക്കണം.
ഘട്ടം 4
രണ്ടാം ദിവസം രണ്ടാമത്തെ കാർബോഡ് സാൻഡ്വിച്ചുകൾ (Sandwich) എടുത്ത് അതിലെ ഡാൽഡ കൊണ്ട് ഘട്ടം 2ൽ ചെയ്ത കാര്യങ്ങൾ ആവർത്തിക്കുക. മിശ്രിതം രണ്ടാമത്തെ കുപ്പിയിൽ ആക്കി ലേബലിൽ സാമ്പിൾ നമ്പർ 2 എന്ന് ചേർത്ത് ഒന്നാമത്തെ കുപ്പിയുടെ അടുത്ത് വയ്ക്കുക.
കാർഡ് ബോഡ് കൊണ്ട് ഘട്ടം 3 ആവർത്തിക്കുക. ലേബലിൽ സാമ്പിൾ നമ്പർ 5 എന്ന് നൽകണം.
മൂന്നാം ദിവസം മൂന്നാമത്തെ കാർഡ്ബോഡ് സാൻഡ്വിച്ച് എടുത്ത് ഘട്ടം 2ൽ പറഞ്ഞത് ചെയ്യുക. മിശ്രിതം മൂന്നാമത്തെ കുപ്പിയിൽ ആക്കി മറ്റു രണ്ടിന്റെയും കൂടെ വയ്ക്കുക.
കാർഡ്ബോർഡ് കൊണ്ട് ഘട്ടം 3 ൽ പറഞ്ഞത് ചെയ്യുക. ലേബലിൽ സാമ്പിൾ നമ്പർ 6 എന്ന് നൽകണം.
ഇപ്പോൾ 3 കുപ്പികളിൽ സുഗന്ധ മിശ്രിതവും ( നമ്പർ 1, 2, 3 ) 3 പുതിയ കാർഡ്ബോർഡ് സാൻഡ്വിച്ചുകളും (നമ്പർ 4, 5, 6) നിങ്ങളുടെ കയ്യിൽ ഉണ്ട്. അടുത്ത 3 ദിവസവും ഇതേ പ്രവർത്തനങ്ങൾ (ഘട്ടം 1, 2, 3) ചെയ്യുക. അപ്പോൾ വീണ്ടും മൂന്നു കുപ്പികളും (നമ്പർ 4, 5,6) മൂന്നു സാൻഡ്വിച്ച് കാർഡുബോർഡുകളും (നമ്പർ 7, 8, 9) കിട്ടും. ഇപ്പോൾ ആകെ 6 കുപ്പികളിൽ മിശിത്രം കിട്ടി. ഇനി അടുത്ത മൂന്നു ദിവസങ്ങളിൽ മൂന്നു കാർഡ്ബോർഡ് സാൻഡ്വിച്ചുകൾ കൂടി ഒരോന്നായി എടുത്ത് ഘട്ടം 2 ആവർത്തിച്ച് 3 കുപ്പികളിൽ കൂടി മിശിത്രം എടുക്കുക. ഇനി പുതിയ സാൻഡ്വിച്ചുകൾ ഉണ്ടാക്കേണ്ടതില്ല. നമുക്ക് ആകെ 9 കുപ്പികളിൽ മിശിത്രം മതി.
നമ്മുടെ ആദ്യ കുപ്പി 9 ദിവസം ആയതും രണ്ടാം കുപ്പി 8 ദിവസം ആയതും ആണ്. അവസാനത്തെ കുപ്പി ഇന്ന് തയ്യാറാക്കിയതേ ഉള്ളു.
ഇനി നമുക്ക് ഉണ്ടാക്കിയ സുഗന്ധദ്രവ്യത്തെ ടെസ്റ്റ് ചെയ്യാം. ഇതിനായി 9 കട്ടി കടലാസുകൾ നീളത്തിൽ ( 1 സെ.മി വീതി 10 സെന്റിമീറ്റർ നീളം) വെട്ടിയെടുക്കുക. ഒരോന്നിനും കുപ്പിയുടെ ലേബലുകൾ കൊടുക്കുക.
ഇനി ആദ്യത്തെ സെറ്റിലെ മൂന്നു കുപ്പിയിലെ മിശ്രിതങ്ങളിൽ ഒരോന്നിലായി ഒരോ കടലാസ് മുക്കി ഒരു പ്ലേറ്റിൽ നിരത്തി വയ്ക്കുക. ഇനി ഒരോരോ കടലാസുകൾ ആയി മണത്തു നോക്കൂ.
- നിങ്ങൾക്ക് ഏത് കുപ്പിയിലെ സുഗന്ധമാണു ഇഷ്ടപ്പെടത്? അത് നോട്ട് ചെയ്യൂ.
- ഇത് തന്നെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ആവർത്തിക്കൂ. ഇഷ്ടമായ സുഗന്ധം നോട്ട് ചെയ്യൂ.
- നിങ്ങളുടെ കൂട്ടുകാർക്കും മണത്ത് നോക്കാൻ കൊടുക്കൂ. അവർക്ക് ഇഷ്ടമായത് നോട്ട് ചെയ്യൂ.
- ഇഷ്ടപ്പെട്ട സുഗന്ധം എത്ര സമയം ഡാൽഡയിൽ വച്ചിരുന്നു എന്നും എത്ര സമയം കുപ്പിയിൽ ഇരുണ്ട സ്ഥലത്ത് വച്ചിരുന്നു എന്നും പ്രത്യേകം കുറിച്ച് വെക്കുക.
- രണ്ടും മൂന്നും സെറ്റുകൾ 6 ദിവസം കൂടെ വച്ച് ഈ മണത്ത് നോക്കൽ ആവർത്തിക്കൂ. ഇപ്പോൾ ഏതാണു അതിൽ ഇഷ്ടമായത്?
- ഇതിൽ നിന്നും നിങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾ എന്തൊക്കെ? കുറിച്ചു വക്കുക.
മറ്റ് പൂവുകൾ ഉപയോഗിച്ചും പരീക്ഷണം ആവർത്തിക്കാം.