1. പത്രത്താളുകളിലെ ‘ധ്വനി’ -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 1
പത്രത്താളുകളിലെ ‘ധ്വനി’
2006-ലെ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇറ്റലിയാണ് ചാമ്പ്യൻമാരായത്. ജൂലൈ 9ന് ആയിരുന്നു ഫൈനൽ മത്സരം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഫ്രാൻസിനെ തോല്പിച്ച് ഇറ്റലി ചാമ്പ്യന്മാരായി. 2006 ജൂലൈ 10 ലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രധാന ശീർഷകം ‘ഇറ്റലി’ എന്നു മാത്രമായിരുന്നു. ഇറ്റലി ജയിച്ചു എന്നോ ഇറ്റലി ചാമ്പ്യന്മാരായി എന്നോ ഒന്നും എഴുതാതെ തന്നെ ഉദ്ദേശിച്ച ആശയം വായനക്കാരിലേക്ക് എത്തിക്കാൻ ആ പത്രത്തിന് കഴിഞ്ഞു. ആശയം എത്തിച്ചു എന്നതിനപ്പുറം ഇറ്റലിയുടെ വിജയത്തിന്റെ ആധികാരികതക്ക് അടിത്തറയിടുകയായിരുന്നു ആ പത്രം. ഇതുപോലെ ശ്രദ്ധ പിടിച്ചുപറ്റുന്ന ശീർഷകങ്ങളും പ്രയോഗങ്ങളും നിറച്ചാണ് ഇന്നും മലയാള പത്രങ്ങൾ പുറത്തിറങ്ങുന്നത്. മലയാളത്തിലെ പ്രധാന വർത്തമാന പത്രങ്ങളിൽ നിന്നുള്ള ശീർഷകങ്ങളും പ്രയോഗങ്ങളും ശേഖരിക്കുക. നിങ്ങൾ കണ്ടെത്തിയ ശീർഷകങ്ങൾ വിലയിരുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കൂ.