യു.പി. പ്രവർത്തനം 7 – ഗ്രഹയോഗം

Published by eduksspadmin onകൂട്ടുകാരേ

നിങ്ങൾ എല്ലാവരും ഡിസംബർ 21 ന് വ്യാഴത്തിൻ്റേയും ശനിയുടേയും ഗ്രഹയോഗം കണ്ടു എന്നു് കരുതുന്നു. എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാനും ഇനി ഏതു വർഷമാണ് ഇത്തരം ഒരു കാഴ്ച കാണാനാവുക എന്ന് പ്രവചിക്കാനുമായി ഒരു പ്രവർത്തനം ചെയ്താലോ? 

നിങ്ങളുടെ വീട്ടിനടുത്ത് എവിടെയെങ്കിലും ഒന്നര മീറ്റർ ആരമുള്ള ഒരു വൃത്തം വരക്കാൻ കഴിയുന്ന ഒരു സ്ഥലം കണ്ടെത്തുക. നിരപ്പുള്ള ഒരു സ്ഥലമാണ് കണ്ടെത്തേണ്ടത്. ഈ സ്ഥലത്തിൻ്റെ നടുക്കായി ഒരു ചെറിയ കുറ്റി അടിക്കുക. അതിൽ 2 മീറ്ററോളം നീളമുള്ള ഒരു ചരട് കെട്ടുക. ഈ ചരട് ഉപയോഗിച്ച് തറയിൽ 3 വൃത്തങ്ങൾ വരക്കണം. വരക്കുന്ന വൃത്തങ്ങളുടെ ആരം 15 cm, 78 cm, 152 cm എന്നിങ്ങനെ ആയിരിക്കണം. ഇതിൽ 15 cm ആരമുള്ള വൃത്തം ഭൂമിയുടേയും 78 cm ആരമുള്ളത് വ്യാഴത്തിൻ്റെതും 152 cm ആരമുള്ളത് ശനിയുടേയും സഞ്ചാര പാതയാണ്. വൃത്തങ്ങളുടെ കേന്ദ്രത്തിലാണ് സൂര്യൻ ഉള്ളത്. ഇനി വ്യാഴത്തിൻ്റെ വൃത്തത്തെ 12 ആയും ശനിയുടെ വൃത്തത്തെ 30 ആയും ഭാഗിക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ ഒരിടത്ത് ഭൂമിയും വ്യാഴവും ശനിയും നേർരേഖയിൽ വരണം. അവിടെ നിന്നാണ് വ്യാഴത്തിൻ്റേയും ശനിയുടേയും പാതകൾ വിഭജിക്കാൻ ആരംഭിക്കേണ്ടത്. മദ്ധ്യഭാഗത്തു നിന്നും 30° കോണളവ് എടുത്താൽ 12 ആയി ഭാഗിക്കാം. 12° കോണളവ് എടുത്താൽ ശനിയുടെ വൃത്തത്തെ 30 ആയും ഭാഗിക്കാം. 

ഇനിയാണ് പ്രവർത്തനം ആരംഭിക്കന്നത്. വീട്ടുകാരോ കൂട്ടുകാരോ ആരെങ്കിലും രണ്ടു പേർ കൂടി ഈ പ്രവർത്തനത്തിന് സഹായത്തിന് ഉണ്ടാകണം. നിങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു സ്ഥാനത്ത് നിൽക്കുക. സഹായികളിൽ ഒരാൾ വ്യാഴത്തിൻ്റെയും മറ്റൊരാൾ ശനിയുടെയും ഭ്രമണപഥത്തിൽ നിൽക്കട്ടെ. വിശദീകരിക്കാനുള്ള സൗകര്യത്തിനായി വ്യാഴം ആയി നിൽക്കന്നത് ബാബുവും ശനിയായി നിൽക്കുന്നത് രശ്മിയും ആണ് എന്ന് സങ്കൽപിക്കാം.

ആദ്യം ഭൂമിയും വ്യാഴവും ശനിയും നേർരേഖയിൽ വരത്തക്കവിധത്തിൽ മൂന്നുപേരും നിൽക്കുക. ഇത് 2020 ഡിസംബർ 21 ൻ്റെ സ്ഥാനമാണ് എന്ന് കരുതുക. രണ്ടു നിറത്തിലുള്ള രണ്ട് ചരടുകൾ എടുക്കണം. നിറം ചുവപ്പും പച്ചയും ആണന്നിരിക്കട്ടെ. ചുവപ്പ് നിറമുള്ള ചരടിൻ്റെ ഒരറ്റം രശ്മിയുടെ കയ്യിൽ കൊടുക്കുക. മറ്റേ അറ്റം നിങ്ങളുടെ കയ്യിൽ പിടിക്കുക. പച്ച ചരടിൻ്റെ ഒരറ്റം ബാബുവിൻ്റെ കയ്യിലും മറ്റേ അറ്റം നിങ്ങളുടെ കയ്യിലും പിടിക്കുക. നിങ്ങളുടെ കയ്യിൽ ഇപ്പോൾ രണ്ടു ചരടുകളുടേയും ഇടയിലുള്ള കോൺ പൂജ്യമായിരിക്കും. ഇനി നിങ്ങൾ 2021 എന്ന് പറയുമ്പോൾ ബാബുവും രശ്മിയും അവരവരുടെ ഭ്രമണപഥത്തിൽ   തൊട്ടടുത്ത പോയൻ്റിലേക്ക് മാറി നിൽക്കണം. ഇപ്പോൾ രണ്ടു ചരടുകൾക്കിടയിലുള്ള കോണിന് എന്ത് സംഭവിച്ചു? കോണളവ് വർദ്ധിച്ചു. അതായത് അവര്‍ തമ്മിലുള്ള കോണീയദൂരം കൂടി. അല്ലേ? ഇനി 2022 എന്ന അടുത്ത വർഷം പറയുക. അവർ രണ്ടു പേരും വീണ്ടും ഓരോ പോയിൻ്റ് മാറി നിൽക്കട്ടെ. ഇപ്പോൾ കോണീയദൂരം വീണ്ടും കൂടി. അല്ലേ? ഇങ്ങനെ ഓരോ വർഷവും പരിശോധിക്കുക. കോണീയദൂരം കൂടി കൂടി വരുകയും പിന്നീട് കുറഞ്ഞു കുറഞ്ഞു വരുകയും ചെയ്യുന്നത് കാണാം. ഒരു വർഷം എത്തുമ്പോൾ കോണീയദൂരം കുറഞ്ഞ് വന്ന് ബാബുവിൻ്റെ കയ്യിലുള്ള പച്ച ചരട് രശ്മിയുടെ കയ്യിലുള്ള ചുവപ്പ് ചരടിൻ്റെ മുകളിലൂടെ അപ്പുറത്തേക്ക് കടക്കുന്നത് കാണാം. അതായത് അതിനിടയിൽ കോണീയദൂരം വീണ്ടും പൂജ്യമായി എന്നർത്ഥം. ഇത് ഏത് വർഷമാണ് എന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആ വർഷം ആയിരിക്കും 2020 ഡിസംബർ 21 ൻ്റെ കാഴ്ച വീണ്ടും നിങ്ങൾക്ക് കാണാനാവുക. ഇത്തരത്തിൽ 2020 ഡിസംബർ 21 ൻ്റെ കാഴ്ച വീണ്ടും കാണുന്ന വർഷം ഏതാണ് എന്ന് നിങ്ങൾക്ക് പ്രവചിക്കാനാകും. വ്യാഴത്തിൻ്റെയും ശനിയുടേയും ഗ്രഹ യോഗം ഇനി നടക്കുന്ന വർഷം ഏതാണ് എന്ന നിങ്ങളുടെ പ്രവചനം കുറിച്ചു വക്കൂ.

നിങ്ങള്‍ ഈ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ ഒരു ഫോട്ടോ എടുത്തു വക്കുകയും അതും നിങ്ങളുടെ പ്രവചനം കുറിച്ചതും സൂക്ഷിച്ച് വക്കുകയും വേണേ.