എൽ.പി. പ്രവര്‍ത്തനം 8 – ഏതിലാണ് കൂടുതല്‍ ?

Published by eduksspadmin on


കൂട്ടുകാരേ,

എനിക്ക് ഒരു അളവു പാത്രം വേണം. ഈ പാത്രം കൊണ്ട് എനിക്ക് മണൽ അളന്ന് എടുക്കാനാണ്. (മണൽ കിട്ടിയില്ലെങ്കിൽ അരിയോ, പൊടിയോ ആവാം). നീളവും വീതിയും തുല്യമായ ഒരു പേപ്പറിൽ നിന്നാണ് അത് ഉണ്ടാക്കേണ്ടത്. എന്റെ കയ്യിൽ 12 cm നീളവും 12 cm വീതിയും ഉള്ള ഒരു പേപ്പർ ആണ് ഉള്ളത്. ഈ പേപ്പറിൽ നിന്നും ഏറ്റവും കൂടുതൽ മണൽ അളക്കാവുന്ന ഒരു പാത്രമാണ് ഉണ്ടാക്കേണ്ടത്. ഞാൻ എടുത്തിട്ടുള്ളത് തീരെ കനം കുറഞ്ഞ പേപ്പർ അല്ല ട്ടോ. കുറച്ച് കട്ടിയുള്ള ഒരു പേപ്പർ തന്നെ നിങ്ങളും എടുത്തോളൂ. എങ്ങനെ പാത്രമുണ്ടാക്കിയാലാണ് ഏറ്റവും കൂടുതൽ മണൽ കൊള്ളുക എന്ന് നമുക്ക് അറിയില്ലല്ലോ? അതുകൊണ്ട് നമുക്ക് പല വലുപ്പത്തിലുള്ള 4 പാത്രങ്ങൾ ഉണ്ടാക്കാം. എല്ലാം 12 cm നീളവും 12 cm വീതിയും ഉള്ള പേപ്പറിൽ നിന്ന് തന്നെ ആയിരിക്കണം. അപ്പോൾ തുടങ്ങുകല്ലേ?

മുതിർന്നവരോട് ആരോടെങ്കിലും 12 cm നീളവും 12 cm വീതിയും ഉള്ള കട്ടിയുള്ള കടലാസ് മുറിച്ചു തരാൻ പറയൂ. ആദ്യത്തെ പാത്രം അവർ തന്നെ ഉണ്ടാക്കി കാണിക്കട്ടെ. പിന്നെയുള്ള 3 എണ്ണം നിങ്ങൾ തനിയെ ഉണ്ടാക്കണം.

ഈ പേപ്പർ കഷണത്തിന്റെ നാലു മൂലകളിൽ നിന്നും രണ്ടു വശത്തേക്കും മൂന്നു സെൻ്റീമീറ്റർ അളന്ന് അടയാളമിടുക. എന്നിട്ട് സ്കെയിൽ ഉപയോഗിച്ച് ഇതുപോലെ നാലു വരകൾ ഇടണം. 

ഓരോ മൂലക്കും ഉള്ള രണ്ടു വരകളിൽ ഒരെണ്ണം മാത്രം മറ്റെ വരയിൽ മുട്ടുന്നതു വരെ കത്രിക കൊണ്ട് മുറിക്കുക. ഓരോ മൂലക്കും ഉള്ള ചെറിയ കഷണങ്ങൾ ഇതുപോലെ നന്നായി മടക്കണം. നീളത്തിലുള്ള വരകളിലൂടെയും മടക്കണം. 

ഇനി ഈ മടക്കിയ ചെറിയ കഷണങ്ങൾ മറ്റേ കഷണങ്ങളുമായി ചേർത്ത് പശകൊണ്ട് ഒട്ടിച്ചോളൂ. അളവുപാത്രങ്ങളിൽ ഒരെണ്ണം റെഡി. 

ഇനി മൂലകളിൽ നിന്ന് 2 cm നീക്കി വരയിട്ട് മറ്റൊരു പാത്രം ഉണ്ടാക്കുക. ഇതുപോലെ  1 cm ഉം 4 cm ഉം മാറ്റി രണ്ട് അളവു പാത്രങ്ങൾ കൂടി ഉണ്ടാക്കുക. എന്നിട്ട് നാല് പാത്രത്തിലും മണൽ ഇട്ട് നോക്കുക. നിറച്ചു കഴിയുമ്പോൾ മണൽ അളവുപാത്രത്തിന്റെ മുകൾ നിരപ്പിന്റെ ഒപ്പമായിരിക്കണം. കുഴിഞ്ഞിരിക്കുകയോ കൂമ്പാരമായി നിൽക്കുകയോ ചെയ്യരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതു പാത്രത്തിലാണ് കടുതൽ മണൽ നിറക്കാൻ കഴിഞ്ഞത്?

നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.  പാത്രത്തിന്റെ ഉയരം  1 cm, 2 cm, 3 cm, 4 cm എന്നിങ്ങനെ കൂടുമ്പോൾ പാത്രത്തിൽ നിറക്കാൻ കഴിഞ്ഞ മണലിന്റെ അളവ് കൂടുകയാണോ കുറയുകണോ ചെയ്തത്? നിങ്ങളുടെ കണ്ടെത്തൽ കുറിച്ചു വക്കൂ. നിങ്ങൾ ഉണ്ടാക്കിയ അളവ് പാത്രങ്ങളുടേയും അവ ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നതിന്റേയും ഫോട്ടോകൾ കൂടി എടുത്തു വക്കണേ.

നിങ്ങളുടെ കണ്ടെത്തല്‍ അടങ്ങിയ കുറിപ്പും ഫോട്ടോകളും എടുത്തു വക്കണേ.