എൽ.പി. പ്രവര്‍ത്തനം 7 – കളി തുടങ്ങാം

Published by eduksspadmin on

നമുക്കൊരു പുതിയ  കളി കളിച്ചു നോക്കിയാലോ?

രണ്ടു പേർക്ക് കളിക്കാവുന്ന ഒരു കളിയാണിത്. കളിക്ക് ആവശ്യമുള്ള കളി ഉപകരണങ്ങൾ ആദ്യം ഉണ്ടാക്കണം. 

ഒരു കട്ടിയുള്ള കാർഡ് ഷീറ്റിൽ നിന്നും 2 cm x 2 cm വലുപ്പത്തിൽ 22 കഷണങ്ങൾ മുറിച്ചെടുക്കുക. ഈ കാർഡുകളിൽ 20 എണ്ണം ഉപയോഗിച്ച് പൂജ്യം മുതൽ 9 വരെ എഴുതിയ 2 സെറ്റ് ഉണ്ടാക്കുക. ബാക്കിയുള്ള 2 കാർഡുകളിൽ – , +  എന്നീ ചിഹ്നങ്ങൾ അടയാളപ്പെടുത്തുക.

കളിയാകുമ്പോൾ ഒരു സ്കോർ ഷീറ്റ് വേണ്ടേ? ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ പേപ്പറിൽ വരച്ച്  രണ്ടു പേർക്കും ഓരോ  സ്കോർഷീറ്റ് ഉണ്ടാക്കണം. കളി തുടങ്ങുമ്പോൾ പൂജ്യത്തിന് നേരേയുള്ള മൂന്നു കള്ളികളിലും ഓരോ കല്ലുവക്കുക. കളി പുരോഗമിക്കുമ്പോൾ രണ്ടു പേരും അവരവർക്കു കിട്ടുന്ന സ്കോർ അവരവരുടെ ഷീറ്റിലെ കല്ലുകൾ മാറ്റി വച്ച് രേഖപ്പെടുത്തണം.

പത്ത് കല്ലുകൾ കൂടി എടുത്തു വച്ചാൽ കളിക്കാനുള്ള സാമഗ്രികൾ റെഡി.

കളിക്കുന്ന രണ്ടു പേരും അഭിമുഖമായി ഇരിക്കുക. നടുക്ക് 20 കാർഡുകളും സംഖ്യകൾ കാണാത്ത വിധം കമഴ്ത്തി നിരത്തി വക്കുക. ആദ്യം കളി തുടങ്ങുന്നയാൾ ഒരു കാർഡ് മലർത്തി വക്കുക. അത് 8 ആണെന്നിരിക്കട്ടെ. സുഹൃത്തും ഒരു കാർഡ് മലർത്തട്ടെ. അത് 4 ആണെന്നിരിക്കട്ടെ. എന്നിട്ട് സുഹൃത്ത് കയ്യ് പിന്നിലേക്ക്‌ കൊണ്ടുപോയി നിങ്ങൾ കാണാതെ ഒരു കൈക്കുള്ളിൽ ഒരു കല്ലോ രണ്ടു കല്ലോ വക്കണം. എന്നിട്ട് കയ്യ് അടച്ച് പിടിച്ച് നിങ്ങളുടെ നേരേ നീട്ടണം. സുഹൃത്തിന്റെ ഒറ്റയോ ഇരട്ടയോ എന്ന ചോദ്യത്തിന് നിങ്ങൾ ശരിയുത്തരം പറഞ്ഞാൽ ഏതെങ്കിലും ഒരു ചിഹ്നം നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഉത്തരം തെറ്റിയാൽ സുഹൃത്ത് ആയിരിക്കും ചിഹ്നം തെരഞ്ഞെടുക്കുക. രണ്ടു സംഖ്യകളിൽ വലിയ സംഖ്യയാണ് എപ്പോഴും ചിഹ്നത്തിന് മുന്നിൽ  വക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ചിഹ്നം + ആണെങ്കിൽ 8 + 4 = 12 പോയിന്റ് കിട്ടും. ചിഹ്നം –  ആണെങ്കിൽ 8 – 4 = 4 പോയിൻ്റ്. ആരാണോ വലിയ സംഖ്യ എടുത്തത് അവർക്കാണ് എപ്പോഴും പോയിൻ്റ് ലഭിക്കുക. രണ്ടു പേരും ഒരേ സംഖ്യ എടുത്താൽ ആർക്കും പോയിൻ്റ് ഉണ്ടാകില്ല. 

സ്‌കോർഷീറ്റ് എങ്ങനെ ഉപയോഗിക്കാം

സ്‌കോർ ഇടതുവശത്ത് പൂജ്യം മുതൽ 9 വരെയുള്ള അക്കങ്ങളുണ്ട്. മുകളിലായിട്ട് നൂറ്, പത്ത്, ഒറ്റ എന്നാ സ്ഥാനവിലകളും എഴുതിയിട്ടുണ്ട്. ആദ്യം കളി തുടങ്ങുമ്പോൾ മൂന്നു കല്ലും പൂജ്യത്തിൽ (ഒറ്റ, പത്ത്, നൂറ് മൂന്നിലും) വെക്കുക. ആദ്യം കളിച്ചപ്പോൾ എട്ടു പോയിന്റു കിട്ടി എന്നിരിക്കട്ടെ. അപ്പോൾ ഒറ്റയുടെ സ്ഥാനത്തുള്ള കല്ലെടുത്ത് എട്ടിന്റെ നേരെ വെക്കുക. അടുത്ത കളിയിൽ 4 പോയന്റു കൂടി കിട്ടിയാൽ 12 ആയല്ലോ. അപ്പോൾ പത്തിന്റെ സ്ഥാനത്ത് ഒന്നും ഒറ്റയുടെ സ്ഥാനത്ത് രണ്ടും. ഇനി 110 പോയന്റ് കിട്ടിയാൽ എങ്ങനെയായിരിക്കും. നൂറിന്റെ സ്ഥാനത്ത് ഒന്നും പത്തിന്റെ സ്ഥാനത്ത് ഒന്നും ഒറ്റയുടെ സ്ഥാനത്ത് പൂജ്യവും..അല്ലേ…ഓരോ കളി കഴിയുമ്പോഴേക്കും കൂട്ടിയ സ്‌കോർ ഷീറ്റിൽ ഇതുപോലെ ക്രമീകകരിക്കാം

ആദ്യത്തെ ആളുടെ കളി കഴിഞ്ഞാൽ അടുത്ത ആൾക്ക് ആദ്യത്തെ കാർഡ് മലർത്താം. ഇങ്ങനെ പത്ത് പ്രാവശ്യം കളിക്കുമ്പോൾ കളത്തിലെ കാർഡുകൾ തീരും. അപ്പോൾ കളി അവസാനിപ്പിക്കാം. കളി കളിച്ചപ്പോഴുള്ള നിങ്ങളുടെ അനുഭവങ്ങളും കളിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും കുറിച്ച് വക്കൂ.

‘ഈ കളിയോടൊപ്പമുള്ള സ്കോർ ഷീറ്റ് നിങ്ങൾ എങ്ങനെയാണ് ഉപയോഗിച്ചത്? ഇപ്പോൾ നിങ്ങൾക്ക് 15 പോയിൻ്റ് ഉണ്ട് എന്നിരിക്കട്ടെ. വീണ്ടും 3 പോയിൻ്റ് കൂടി കിട്ടിയാൽ നിങ്ങൾ ഏത് കല്ലാണ് മാറ്റുക? എവിടേക്കാണ് മാറ്റി വക്കുക? 8 പോയിൻ്റ്  ആണ് കിട്ടിയതെങ്കിൽ ഏതൊക്കെ കല്ല് എവിടേക്കൊക്കെ മാറ്റും?

കളിയുടെ അനുഭവങ്ങളും അഭിപ്രായങ്ങളും സ്കോര്‍ഷീറ്റില്‍ കല്ല് മാറ്റുന്ന രീതി കുറിച്ച് വച്ചതും സൂക്ഷിച്ച് വെക്കണേ.

 


1 Comment

Sivakeertan.SA · 07/02/2021 at 8:25 PM

It was very interesting game. I played this game with my parents and sister.

Comments are closed.