എൽ.പി. പ്രവര്‍ത്തനം 4 – ആകാശ ചിത്രങ്ങള്‍

Published by eduksspadmin on



ഒറ്റയ്ക്കാവുമ്പോൾ കാറ്റിനോടും കിളികളോടും ആകാശത്തോടും വർത്തമാനങ്ങൾ പറയുന്ന ഭാവമാണ് മോളൂട്ടിയുടേത്. അന്ന് മോളുട്ടീടെ വർത്തമാനം ആകാശത്തോടാണ്. ആകാശത്തിനെന്തു നിറം? “ആഹാ നല്ല നീല നിറം” ന്ന് തുടങ്ങുന്ന പാട്ട് വനജ ടീച്ചർ പാടി കേട്ടപ്പോൾ തുടങ്ങീതാണ് മോളുട്ടീടെ ആഗ്രഹം. ആകാശത്തിന്റെ ആ നീല നിറം കാണാൻ. ഇതു വരെ സാധിച്ചില്ല. “കരിക്കലത്തില് നോക്യ പോലൊണ്ട് ട്ടോ. രാവിലെ നോക്കിയപ്പോ ആകെ നരച്ചിട്ടേർന്ന്. കാപ്പിലെ മുത്തശ്ശിയെപ്പോലെ. ഉച്ചയായപ്പോ പൊക പിടിക്കാൻ തുടങ്ങി.” 2020 മാർച്ച് രണ്ടാം ലക്കം യുറീക്കയിലെ ആകാശത്തിന്റെ നിറം എന്ന ലേഖനത്തില് മോളൂട്ടി കണ്ട ആകാശത്തെ കുറിച്ചാണ് മുകളിൽ പറഞ്ഞ ഉപമകൾ. ഇനീം ഒരു പാട് കാഴ്ചകള് ആകാശത്ത് കാണുന്നുണ്ട് മോളൂട്ടി. മോളൂട്ടി കണ്ട ആകാശം. അതിന് കൊടുത്ത വിശേഷണങ്ങൾ. “എന്തൊക്കെയാണ്  ? ആകാശത്തിന്റെ നിറം” എന്ന ലേഖനം വായിച്ച് മോളൂട്ടീടെ ആകാശക്കാഴ്ചകൾ ഒന്ന് പട്ടികപ്പെടുത്തി നോക്കൂ.

അവൾ വിവിധ സമയങ്ങളിൽ കണ്ട ആകാശത്തിന്റെ പ്രത്യേകതകളെ ഒരുപാട്  മനോഹരങ്ങളായ പ്രയോഗങ്ങളിലൂടെ രേഖപ്പെടുത്തിയത് കാണാം. അതുപോലെ  രാവിലെ മുതൽ രാത്രി വരെയുള്ള ആകാശത്തെ നിരീക്ഷിക്കൂ. എന്തെല്ലാം വ്യത്യസ്ത കാഴ്ച്ചകളാണ് ആകാശത്ത് കാണാൻ കഴിയുന്നത് ? നരച്ച, കരിക്കലം പോലെയുള്ള, മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളുള്ള ആകാശത്തെ കാണാനാവുന്നുണ്ടോ? ആകാശം നിരീക്ഷിച്ച് പുലർകാലം മുതൽ രാത്രി വരെ മാറി മാറി വരുന്ന ആകാശക്കാഴ്ച്ചകൾ കണ്ടു നോക്കൂ. ആകാശക്കാഴ്ചകൾ മൊബൈലിൽ പകർത്തണം. മേഘങ്ങൾ വരച്ചു ചേർത്ത എന്തെല്ലാം ചിത്രങ്ങളാണ് കിട്ടിയത് ? ആ ചിത്രങ്ങൾ മനസ്സിൽ സൃഷ്ടിക്കുന്ന രൂപങ്ങൾക്കനുസരിച്ച് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകൂ. മോളൂട്ടി കൊടുത്ത വിശേഷണങ്ങൾ നന്നായി ഉൾക്കൊണ്ടാൽ നിങ്ങൾക്കും അതിന് കഴിയും. എന്താ ശ്രമിച്ച് നോക്കുകല്ലേ ?

ഫോട്ടോകളും അടിക്കുറിപ്പുകളും എടുത്ത് വയ്ക്കണം. വിലയിരുത്തൽ സമയത്ത് ആവശ്യം വരും.


1 Comment

Harikrishnan. R, GNLPS Alayamon, Anchal. · 03/02/2021 at 5:32 PM

ആകാശനിരീക്ഷണം എനിക്ക് വളരെ ഇഷ്ടമായി. ആകാശ ചിത്രങ്ങൾ ഞാൻ എടുത്തു.

Comments are closed.