ഹയർസെക്കണ്ടറി പ്രവർത്തനം 6 – മാറുന്ന യുദ്ധരീതികള്‍
മെയ് 2019 ലെ ശാസ്ത്രകേരളത്തിൽ യുദ്ധത്തെ സംബന്ധിച്ച നിരവധി ലേഖനങ്ങൾ ഉണ്ട്. ഇവയിൽ ഒന്ന് യുദ്ധവും ശാസ്ത്രവും സംബന്ധിക്കുന്ന ഒന്നാണ്.. ഇതിൽ ഹൈടെക്ക് ആയി മാറുന്ന യുദ്ധത്തെ പറ്റി പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ പ്രയോഗത്തിനായി ചിലവഴിക്കുന്ന പണം, പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന പണം എന്നിവയും പരാമർശിക്കുന്നു. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുദ്ധത്തിനാവശ്യമായ സാങ്കേതികവിദ്യയെ മാറ്റി മറിക്കും എന്നും നമ്മൾ കേട്ടിട്ടുണ്ട്. ശാസ്ത്രവളർച്ചയുടെ രണ്ട് പ്രയോഗതലങ്ങൾ ആണു യുദ്ധങ്ങളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം നമുക്ക് കാണിച്ചു തരുന്നത്.
- യുദ്ധരീതികൾ മാറുന്നതിന്റെ ഇതുവരെയുള്ള ചരിത്രം രേഖപ്പെടുത്താമോ? ഇതിനായി പല മാർഗങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാം. യുദ്ധങ്ങളെ പരാമർശിക്കുന്ന രചനകളിൽ നിന്നും യുദ്ധരീതികളുടെ ചരിത്രം ശേഖരിക്കുകയാണ് ഒരു മാർഗം. യുദ്ധരീതികളിൽ വന്ന മാറ്റങ്ങൾക്ക് ശാസ്ത്രരംഗത്തെ കണ്ടുപിടുത്തങ്ങൾ കാരണമായിട്ടുണ്ട് എന്നതിനാൽ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നും ഇത് കണ്ടെത്തുക എന്നതാണ് മറ്റൊരു മാർഗം. ഇങ്ങനെ പല മാർഗങ്ങളിലൂടെ നിങ്ങൾ ശേഖരിച്ച യുദ്ധരീതികൾ മാറുന്നതിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു ഇൻഫോ ഗ്രാഫിക് നിർമിക്കണം.
- ഇൻഫർമേഷൻ അല്ലെങ്കിൽ വിവരങ്ങൾ ഗ്രാഫിക്കലായി ചിത്രീകരിക്കുന്ന ഒരു രൂപമാണ് ഇൻഫോഗ്രാഫിക്. താഴെ കൊടുത്തിട്ടുള്ള ഇൻഫോഗ്രാഫിക്കുകളുടെ ഉദാഹരണങ്ങള്‍ നോക്കൂ. അതിൽ ആദ്യത്തെ രണ്ടെണ്ണത്തിലും വിവരങ്ങളെ കാലം മാറുന്നതനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തേതില്‍ വിവിധ തരം പ്ലാസ്റ്റിക്കുകളെ ഒരുമിച്ച് പരിചയപ്പെടുത്തുകയാണ്.
- ഇതുപോലെ യുദ്ധരീതികളിൽ വന്ന മാറ്റങ്ങളെ ഒരു ഇൻഫോഗ്രാഫിക് ആയി ചിത്രീകരിക്കുക. ഇനി അത്തരം ഒന്ന് തയ്യാറാക്കാനായില്ല എങ്കിൽ യുദ്ധരീതികളിൽ വന്ന മാറ്റത്തിന്റെ ചരിത്രം ഒരു കുറിപ്പായി എഴുതൂ.
ഇൻഫോഗ്രാഫിക്കിന്റെ ഒരു ഉദാഹരണം ഇതാ ഇവിടെ :
നിങ്ങൾ തയ്യാറാക്കിയ ഇൻഫോഗ്രാഫിക്ക്/കുറിപ്പ് – ഇവ വിലയിരുത്തലിനായി സൂക്ഷിച്ചുവെക്കാൻ മറക്കരുതേ.