ഹയർസെക്കണ്ടറി പ്രവർത്തനം 5 – നിങ്ങളും പറയൂ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതീയ ഭരണ സാരഥികൾ എല്ലാവരും ചുമതല ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനപ്രതിനിധിയായി മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി 21 വയസ്സാണ്. ആ പ്രായപരിധിയിലുള്ളവരും അത് കഴിഞ്ഞ് അധികം പ്രായമാകാത്തവരുമായ നിരവധി പേർ മത്സര രംഗത്തുണ്ടായിരുന്നു. അവരിൽ പലരും ജനപ്രതിനിധികളാകുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 21 വയസ്സുകാരി മേയറായതും, പഞ്ചായത്ത് പ്രസിഡണ്ടായതും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. അതെല്ലാം ശ്രദ്ധിച്ചിരുന്നല്ലോ. 5 വർഷത്തിനു ശേഷം അടുത്ത തദ്ദേശ ഭരണ തിരഞ്ഞെടുപ്പാകുമ്പോഴേക്കും നിങ്ങൾ ഇത്തരമൊരു പദവി സ്വീകരിക്കാൻ, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സാരഥി ആകാൻ പ്രായം കൊണ്ട് യോഗ്യത നേടിയിരിക്കും. 2020 നവംബർ ലക്കം ശാസ്ത്ര കേരളത്തിലെ നാളത്തെ വോട്ടർമാർ എന്ന എഡിറ്റോറിയൽ ഒന്നു വായിക്കൂ . അതിൽ ഒട്ടേറെ വികസന മേഖലകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ഏറ്റവും പ്രധാനം എന്നു തോന്നുന്ന ഏതെങ്കിലും ഒരു മേഖലയിൽ നിങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനം ഇടപെടേണ്ടതുണ്ട് എന്ന കാര്യം അധ്യക്ഷ / അധ്യക്ഷന്റെ ശ്രദ്ധയിൽ കൊണ്ടു വരൂ.
ഇതിനായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാം. ഇടപെടൽ എന്തുകൊണ്ട് ആ മേഖലയിൽ ആവശ്യമാകുന്നു, എന്താണു ആ ഇടപെടലിന്റെ പ്രാധാന്യം എന്നിവ പ്രൊജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കണം. ഈ ഇടപെടലിന്റെ സാധ്യതകൾ, ലക്ഷ്യത്തിലെത്താൻ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യണം, ആരാണു ആ പ്രവർത്തനങ്ങൾ ചെയ്യേണ്ടത് എന്നും റിപ്പോർട്ടിൽ വേണം. പ്രധാനമായ മറ്റൊന്ന് പ്രവർത്തനങ്ങളുടെ സമയക്രമമാണ്. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ നവീനാശയങ്ങൾ ഉൾക്കൊള്ളിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇതെല്ലാം ചേർത്ത് സമഗ്രമായ ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൂ. അങ്ങനെ തയ്യാറാക്കിയ റിപ്പോർട്ട് കൂട്ടുകാരുമായും മുതിർന്നവരുമായും ചർച്ച ചെയ്തു സമ്പുഷ്ടമാക്കി കൈയ്യിൽ വയ്ക്കു.