ഹയർസെക്കണ്ടറി പ്രവർത്തനം 4 – അറിവിന്റെ സ്വാതന്ത്ര്യം

Published by eduksspadmin on

അക്കാദമിക് പ്രസാധന രംഗത്തെ വലിയ കമ്പനികൾ രണ്ട് വെബ് പോർട്ടലുകളെ കോടതി കയറ്റിയിരിക്കുകയാണ്. SciHub, LibGen – ഇവ രണ്ടും ഇന്ത്യയിലെ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗവേഷക വിദ്യാർത്ഥികൾക്ക് സുപരിചിതമായ രണ്ട് വെബ്സൈറ്റുകൾ ആണ്. വലിയ വിലകൊടുത്ത് വാങ്ങേണ്ട പുസ്തകങ്ങളും ജേണലുകളിലെ അക്കാദമിക് പേപ്പറുകളും സൗജന്യമായി ലഭിക്കാൻ ഒരുപാട് വിദ്യാർഥികൾ ഇവയെയാണ് ആശ്രയിക്കുന്നത്. അറിവ് സ്വതന്ത്രമായി സമൂഹത്തിൽ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ആരൺ ഷ്വാർറ്റ്സ് എന്ന യുവാവ് സമാനമായൊരു നിയമയുദ്ധത്തിൽ പരാജയപ്പെട്ടിരുന്നു. 2013 ൽ ആരൺ സ്വയം ജീവൻ വെടിയുകയായിരുന്നു. ആരണിന്റെ മരണം ഈ വിഷയത്തിൽ ലോകവ്യാപകമായ ചർച്ചക്ക് വഴി വെച്ചു. അക്കാദമിക് പേപ്പറുകൾ ലഭ്യമാക്കുന്ന JSTOR എന്ന പോർട്ടൽ ഒരു ഓപ്പൺ ആക്സസ് സംവിധാനം ഏർപ്പെടുത്തുകയുണ്ടായി. അക്കാദമിക് രംഗത്ത് വിവരങ്ങൾ ഇന്റർനെറ്റ് വഴി സ്വതന്ത്രമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരുടെ മാഗ്നാ കാർട്ട എന്ന് വിശേഷിപ്പിക്കുന്ന പ്രസ്താവന ഇവിടെ വായിക്കാം. 

ശാസ്ത്ര- സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ലഭ്യമായ അറിവ് രാജ്യാതിർത്തികൾക്കപ്പുറം സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുക എന്ന ആശയത്തെക്കുറിച്ചുള്ള ഒരു ആലോചനയാവട്ടെ ഈ പ്രവർത്തനം. 

സൈ-ഹബ്, ലിബ്ജെൻ കേസിനെ പറ്റി വിശദമായി വായിക്കാൻ ലൂക്കയിലെ രണ്ടു ലേഖനങ്ങൾ നിങ്ങളെ സഹായിക്കും.

ഒരൽപ്പം ചരിത്രം വായിക്കാൻ ഇംഗ്ലീഷിൽ ഉള്ള ഈ ലേഖനം നിങ്ങളെ സഹായിക്കും.

മൂന്നാം ലോക രാജ്യങ്ങളിലെ ശാസ്ത്ര പഠനത്തെ/ ശാസ്ത്ര ഗവേഷണത്തെ സാരമായി ബാധിക്കും എന്ന് കരുതുന്ന ഈ നിയമ യുദ്ധത്തെ പറ്റി കൂടുതൽ മനസിലാക്കാൻ ഒരു ശ്രമം നടത്താമോ? ഈ കേസ് ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. അതിനോടനുബന്ധിച്ച പത്രവാർത്തകളും ലേഖനങ്ങളും വായിക്കാൻ മറക്കരുത്.

സൈ ഹബ് – ലിബ്ജെൻ വിഷയം ചർച്ച ചെയ്യുമ്പോൾ നമ്മൾ ഇവയുടെ വിവിധമായ വശങ്ങൾ ആലോചിക്കേണ്ടതുണ്ട്.

  1. സാമ്പത്തികമായ വശം – സാധാരണക്കാർക്ക്, മൂന്നാം ലോക രാജ്യങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ഇത്തരം ആക്സസ് കൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങൾ ഒരു ഭാഗത്ത്. മറുഭാഗത്ത് ഇവ പ്രസിദ്ധീകരിക്കുന്നവർ പറയുന്ന അവർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം.
  2. നിയമപരമായി – ഇവ തെറ്റാണോ? ഇവ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ ചെയ്യുന്നത് നിയമ ലംഘനമാണോ? സിനിമ, പാട്ടുകൾ തുടങ്ങിയവയിലെ പൈറസിയും ജേണലുകളുടെ സൈ-ഹബ് വഴിയുള്ള ആക്സസും – ഇവ താരതമ്യം ചെയ്യുമ്പോൾ നിയമലംഘനം എന്ന വിഷയത്തെ എങ്ങനെ കാണുന്നു?
  3. അറിവ് സാർവത്രികമായി , സ്വതന്ത്രമായി ലഭ്യമാക്കുക എന്ന ആശയം സാമ്പത്തിക-നിയമ സാധുതകൾക്ക് അപ്പുറമായി ഒരു രാഷ്ട്രീയ വിഷയമാണോ? അറിവിന്റെ സാർവത്രികതയെ പറ്റി എന്ത് തോന്നുന്നു?

നിങ്ങളുടെ അധ്യാപകർ, സുഹൃത്തുക്കൾ ഇവരുമായി ചർച്ച ചെയ്ത ശേഷം ഒരു കുറിപ്പ് തയ്യാറാക്കണം

 


കുറിപ്പിൽ മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളെ സംബന്ധിച്ചും നിങ്ങൾ സമാഹരിച്ച വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കണേ. ഈ കുറിപ്പ് മറ്റുള്ളവരെ കാണിച്ച് അവരുടെ അഭിപ്രായം തേടുക. ആ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കുറിപ്പ് കൂടുതൽ വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുകയും ആവാം. വിലയിരുത്തലിനായി ഈ കുറിപ്പ് സൂക്ഷിച്ച് വെക്കാനും മറക്കരുത്.