ഹയർസെക്കണ്ടറി പ്രവർത്തനം 1 – രഹസ്യ ഭാഷ

Published by eduksspadmin on


നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാൾക്ക് ഒരു പിറന്നാൾ സർപ്രൈസ് പ്ലാൻ ചെയ്യണമെന്നിരിക്കട്ടെ. ഇതിന്റെ പ്ലാനിങ് ആ സുഹൃത്ത് അറിയാതെ നടത്തുകയും വേണം. അയാൾ എപ്പോഴും നിങ്ങളൊടൊപ്പം ഉണ്ടെങ്കിൽ ഈ വിവരങ്ങൾ കൈമാറാൻ നിങ്ങൾ ചില കോഡുകൾ ഉപയോഗിക്കും. ഇത്തരം കോഡുകൾ സ്ഥിരമായി ഉപയോഗിക്കാൻ ഒരു കോഡുഭാഷ തന്നെ ഉണ്ടാക്കി എടുത്താലോ? പ്രാചീന കേരളത്തിൽ ഇത്തരമൊരു സംഭവം നിലനിന്നിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. 

“മൂലഭദ്രം” എന്ന ഈ ഭാഷയെ പറ്റി ഒരു ചെറുകുറിപ്പ് ഇവിടെ വായിക്കാം. ( Gurukulam | ഗുരുകുലം :: മൂലഭദ്ര ) . മോഴ്സ് കോഡ്, സെമഫോറുകൾ എന്നിവയും നിങ്ങൾ കേട്ടിരിക്കും. അക്ഷരങ്ങളെ ഡോട്ടും ഡാഷും ഉപയോഗിച്ച് രേഖപ്പെടുത്തി സന്ദേശം അയക്കാനുള്ള ഒരു എളുപ്പവഴി ആയിരിന്നു മോഴ്സ് കോഡ്. നിങ്ങളുടെ പേരിലെ അക്ഷരങ്ങൾ വേറൊരു ക്രമത്തിൽ എഴുതുന്നതോ, അക്ഷരങ്ങളെ അക്കങ്ങൾ കൊണ്ട് മാറ്റി എഴുതുന്നതോ ഒക്കെ ലളിതമായ കോഡിങ് രീതികൾ ആണ്.

 

സുരക്ഷിതമായി വിവരം കൈമാറുവാനുള്ള ഒരു മാർഗമാണ് വിവരങ്ങൾ encode ചെയ്യുക എന്നത്. CAT എന്നതിനു പകരം DBU എന്നെഴുതുന്നത് വളരെ ലളിതമായ ഒരു എന്‍കോഡിങ്ങ് രീതിയാണ്. നിങ്ങൾ ഒരു വെബ് സൈറ്റിൽ പാസ് വേഡ് രേഖപ്പെടുത്തുമ്പോൾ അത് സർവറിൽ സൂക്ഷിക്കപ്പെടുന്നത് ഇതിനു സമാനമായ രീതിയിൽ മാറ്റിയെടുത്താണ്. അക്ഷരങ്ങൾ മാറ്റി മറിച്ച, അല്ലെങ്കിൽ അക്ഷരങ്ങൾ മറ്റ് ചിഹ്നങ്ങൾ കൊണ്ട് മാറ്റിയെഴുതിയ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിൽ കോഡ് ചെയ്ത സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നതുകൊണ്ടാണ് ഇത്. ഇത്തരം കോഡിങ് ഭാഷ നമുക്കും നിർമിച്ചെടുക്കാവുന്നതെ ഉള്ളൂ. നിങ്ങളുടെ കോഡ് ഭാഷയുടെ ശക്തി അത് കോഡ് ചെയ്ത രീതി അറിയാത്ത ഒരാൾക്ക് ഡീകോഡ് ചെയ്യാൻ സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

ഓരൊ അക്ഷരത്തിനും ഒരു രണ്ടക്ക സംഖ്യ കോഡായി ഉപയോഗിക്കുന്ന പോളിബിയസ് ചെക്കർ ബോർഡ് എന്ന രീതി ഗ്രീക്ക് ഗണിതജ്ഞനായ പോളിബിയസിന്റെ സംഭാവനയാണ്. 26 അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെ ഒരു ബോർഡ് നമുക്കുണ്ടാക്കാം.

ഇതിൻ പ്രകാരം A – 11, B – 12, C – 13 എന്നിങ്ങനെയാണു കോഡ് വരുന്നത്. ഇത്തരത്തിൽ പ്രചാരത്തിലുള്ളതും പ്രാചീനമായതുമായ നിരവധി കോഡിങ് സംവിധാനങ്ങൾ ഉണ്ട്.

പോളിബിയസ് സൈഫറിൽ നിങ്ങൾക്ക് പരിചയമുള്ള വാക്കുകൾ കോഡ് ചെയ്ത് നോക്കൂ. 

 

സുഹൃത്തുക്കളുമായി സന്ദേശങ്ങൾ കൈമാറാൻ ഇത്തരം ഒരു ഭാഷ ഉണ്ടാക്കിയെടുക്കുന്നത് രസകരമായിരിക്കില്ലേ? അക്ഷരങ്ങൾ മാറ്റി മറിക്കാൻ എന്ത് തരം രീതിയും നിങ്ങൾക്ക് ഉപയോഗിക്കാം.

കോഡ് ഭാഷ എങ്ങനെ നിർമിച്ചു എന്നറിയാത്ത ഒരാൾക്ക് ഈ സന്ദേശം തിരിച്ചറിയാൻ കഴിയരുത് എന്ന് മാത്രം. ഇത്തരത്തിൽ രഹസ്യമാക്കപ്പെട്ട ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചു എന്നിരിക്കട്ടെ. ആ സന്ദേശത്തിന്റെ പാറ്റേണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സന്ദേശം എന്തെന്ന് മനസ്സിലാക്കിയെടുക്കാൻ കഴിയുമോ? ഭാഷയിലുള്ള അറിവിനു പുറമെ മറ്റ് വിഷയങ്ങളിലുള്ള അറിവ് ഈ സന്ദേശം ഡീകോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള സന്ദേശങ്ങൾ രഹസ്യ ഭാഷയിൽ ആക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുക. എല്ലാ അക്ഷരങ്ങളും, ചിഹ്നങ്ങളും മറ്റ് അക്ഷരങ്ങൾ കൊണ്ടോ അക്കങ്ങൾ കൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ അടയാളപ്പെടുത്താനുള്ള രീതിയാണ് കണ്ടെത്തേണ്ടത്. സാധാരണയായി കൈമാറുന്ന ചില സന്ദേശങ്ങൾ നിങ്ങളുടെ കോഡ് ഭാഷയിലേക്ക് മാറ്റി എഴുതുക. ഈ സന്ദേശങ്ങൾ സുഹൃത്തുക്കൾക്കും വീട്ടിലുള്ളവർക്കും ബ്രെയ്ക്ക് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. അവർക്ക് അത് എളുപ്പത്തിൽ സാധിക്കുന്നു എങ്കിൽ നിങ്ങളൂടെ കോഡ് കുറെ കൂടി സങ്കീർണമാക്കാനുണ്ട് എന്നർത്ഥം. ഇതെങ്ങനെ സാധിക്കും എന്ന് പരിശോധിക്കുക, പ്രവർത്തനം ആവർത്തിക്കുക. ഇതേ പ്രവർത്തനം ചെയ്യുന്ന നിങ്ങളുടെ കൂട്ടുകാരിൽ നിന്നും അവരുടെ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ശ്രമിക്കുന്നതും നന്നായിരിക്കും.

 

വിലയിരുത്തലിനായി നിങ്ങള്‍ തയ്യാറാക്കിയ രഹസ്യഭാഷയുടെ കോഡിങ് രീതി, രഹസ്യഭാഷയിലേക്ക് നിങ്ങള്‍ മാറ്റിയ  സന്ദേശങ്ങള്‍ എന്നിവയും നിങ്ങള്‍ രഹസ്യഭാഷയിലേക്ക് ആക്കിയ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും എഴുതി സൂക്ഷിച്ച് വക്കണേ.