എൽ.പി. പ്രവര്‍ത്തനം 6  – ചെടിക്ക് വേണ്ടത്

Published by eduksspadmin onകോവിഡ് കാലത്ത് കർണ്ണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പച്ചക്കറികൾ വരുന്നതിനു് ചെറിയ തടസ്സമുണ്ടായപ്പോൾ നമ്മൾ കുറച്ചൊക്കെ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി. നിങ്ങളുടെ വീട്ടിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടോ? നമുക്ക് കൃഷിയുമായി ബന്ധപെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. വിത്ത് ഇട്ട് മുളപ്പിച്ചിട്ടാണ് മിക്കവാറും പച്ചക്കറികൾ നമ്മൾ നടുന്നത്. നമുക്ക് പയർ വിത്തുകൾ മുളപ്പിക്കാൻ നോക്കാം. പയർ ആകുമ്പോൾ പെട്ടെന്ന് മുളക്കും. ചെയ്യേണ്ടത് ഇതാണ്. ഉള്ള പയർ വിത്തുകളെ  നമുക്ക് നാല് കൂട്ടങ്ങളാക്കാം. 

ഒന്നാമത്തെ കൂട്ടം മണ്ണില് വളമൊക്കെ ചേർത്ത് ഇളക്കി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടണം. എല്ലാ ദിവസവും വെള്ളവും ഒഴിക്കണം. 

ണ്ടാമത്തെ കൂട്ടം നേരത്തേ ചെയ്തതുപോലെ തന്നെ മണ്ണിൽ സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടണം. പക്ഷെ ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത്. മഴ പെയ്താലും വെള്ളം കിട്ടരുത്.

മൂന്നാമത്തെ കൂട്ടം നേരത്തേതു പോലെ വളം ചേർത്ത മണ്ണിൽ തന്നെ നടണം. എന്നും വെള്ളവും ഒഴിക്കണം. പക്ഷെ ഒട്ടും സൂര്യപ്രകാശം കിട്ടുകയേ അരുത്. അതിന് എന്താണ് വേണ്ടത് എന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിച്ചോളൂ.

ഇനി നാലാമത്തെ കൂട്ടം. അത് മണ്ണിൽ നടുകയേ അരുത്. എന്നാൽ സൂര്യപ്രകാശം കിട്ടണം. വെള്ളം നനച്ച് കൊടുക്കുകയും വേണം.

ഓരോ ദിവസവും ഇതിൽ ഓരോ കൂട്ടത്തിനും എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിച്ച് കുറിച്ച് വെക്കൂ . ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം നിങ്ങൾ എന്തൊക്കെയാണ് കണ്ടെത്തിയത് എന്നും എന്തൊക്കെയാണ് മനസ്സിലാക്കിയത് എന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കണം.

 

നിങ്ങളുടെ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള ഫോട്ടോകൾ കൂടി എടുത്തു വക്കണം. നിരീക്ഷണക്കുറിപ്പും ഫോട്ടോകളും സൂക്ഷിച്ച് വക്കണേ..