എൽ.പി. പ്രവര്‍ത്തനം 5 – നിരീക്ഷണ പരീക്ഷണങ്ങള്‍
2020 ഫെബ്രുവരി രണ്ടാം ലക്കം യുറീക്കയിൽ ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി വന്ന “വാവയ്ക്കും അറിയാം ശാസ്ത്രത്തിന്റെ രീതി” എന്ന ചിത്രകഥ വായിച്ചില്ലേ ?
വാവയുടെ ദൈനം ദിന പ്രവർത്തനങ്ങളിലൂടെ ശാസ്ത്രത്തിന്റെ രീതി മനോഹരമായി പരിചയപ്പെടുത്തുകയാണവിടെ. ഓരോ ചിത്രവും അതിന്റെ അടിക്കുറിപ്പും നോക്കൂ. ആദ്യത്തെ ചിത്രത്തിൽ തന്റെ മുന്നിൽ പെട്ട ഒരു വസ്തു നിരീക്ഷിക്കുന്ന വാവ. രണ്ടാമത്തെ ചിത്രത്തിൽ ഇത് എന്താണ് എന്ന അനുമാനത്തിലെത്താനുള്ള ശ്രമമാണ്. മൂന്നാമത്തെ ചിത്രത്തിൽ തന്റെ അനുമാനം ശരിയാണോ എന്ന് പരീക്ഷിക്കുന്നു. കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്യുന്ന (അപഗ്രഥിക്കുന്ന) വാവയാണ് അടുത്ത ചിത്രത്തിൽ. വിശകലനത്തിലൂടെ എത്തിയ നിഗമനം മറ്റുള്ളവരെ അറിയിക്കുന്നു. നിഗമനം തന്റെ പാവക്കുട്ടിയുമായി ചർച്ച ചെയ്യുന്ന വാവയെ അവസാന ചിത്രത്തിൽ കാണാം. ഇതാണ് ശാസ്ത്രത്തിന്റെ വഴി. ഒന്നാം ഘട്ട വിജ്ഞാനോത്സവത്തിൽ നിങ്ങൾ ചെയ്ത പടപട പപ്പടം, തണ്ടെവിടെ എന്നീ പ്രവർത്തനങ്ങളിലൂടെ ഒന്ന് കൂടി കടന്നു പോകൂ. എന്നിട്ട് അതിലൊക്കെ ഈ വഴിയിലൂടെ കടന്നു പോയോ എന്ന് വിലയിരുത്തൂ. ആ വഴികൾ വിവരിച്ച് ഒരു കുറിപ്പ് തയ്യാറാക്കൂ.
തയ്യാറാക്കിയ കുറിപ്പ് ആവശ്യം വരും എടുത്ത് വയ്ക്കണം.